ആലുവ: കുട്ടമശേരി ചാലയ്ക്കലിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഉരണ്ടുകളിക്കുന്നതായി ആക്ഷേപം. ചാലക്കൽ പാലത്തിങ്കൽ വീട്ടിൽ സുലൈമൻ എന്ന സുശീലന് (48) എതിരെയാണ് ഭാര്യ റൈനയും മക്കളും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്.

കഴിഞ്ഞ 12ന് ജില്ലാ പൊലീസ് ആസ്ഥാനത്ത് പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം നടക്കാതിരുന്നതിനെത്തുടർന്ന് 18ന് എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കൊപ്പം യുവതിയും മക്കളും ജില്ലാ പൊലീസ് മേധാവിയെ നേരിൽ കണ്ടിരുന്നു. അന്വേഷണം ശക്തമാക്കാൻ ഡിവൈ.എസ്.പി ജി. വേണുവിന് എസ്.പി നിർദ്ദേശവും നൽകി. ഇതിനിടെ യുവതിയിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് മൊഴിയെടുത്തെങ്കിലും പ്രതിയെ പിടികൂടുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. മതം മാറില്ലെന്ന നിലപാട് സ്വീകരിച്ച റൈനയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാക്കത്തിയുമായി ഓടിച്ച പ്രതിക്കെതിരെ ശക്തമായ വകുപ്പനുസരിച്ച് കേസെടുക്കാം. ഇതിന് പുറമെ നിർബന്ധിത മതപരിവർത്തന ശ്രമത്തിനും കേസെടുക്കാമെങ്കിലും പൊലീസ് കേസിൽ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.

പ്രതി വീട്ടിലെത്തുമ്പോൾ വിളിച്ചറിയാക്കാനാണ് അന്വേഷണ സംഘത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് പ്രതി വീട്ടിലെത്തിയ വിവരം അറിയിച്ചപ്പോൾ ഇപ്പോൾ ആളെ വിടാമെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ പിന്നാലെ വിളിച്ച് കോറൊണയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു. സുലൈമാൻ എന്നവകാശപ്പെടുന്ന പ്രതിക്കൊപ്പം ജീവിക്കാൻ തയ്യാറാല്ലെന്ന് യുവതിയും കുട്ടികളും പൊലീസിനെ അറിയിച്ചിട്ടും പൊലീസിന്റെ നിലപാട് നിരാശജനകമാണെന്ന് നാട്ടുകാർ പറഞ്ഞു.

പ്രതിയെ ഉടൻ അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസ് അലംഭാവംകാട്ടിയാൽ പ്രത്യക്ഷസമരം ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. കൊറോണയുടെ പേരിൽ നിർബന്ധിത മത പരിവർത്തന കേസ് ലഘൂകരിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.