കൊച്ചി: തമിഴ്നാട്, കർണ്ണാടക അതിർത്തികൾ അടയ്ക്കുന്നുവെന്ന വാർത്തയും ഇന്ന് നടക്കുന്ന ജനത കർഫ്യുവും ഒരുമിച്ച് വന്നതോടെ ആളുകൾ വീട്ടുസാധനങ്ങൾ വാങ്ങാനായി നെട്ടോട്ടത്തിലാണ്. കൊറോണ രോഗബാധ സംശയിച്ച് ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളെയും കുട്ടിയെയും കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ അടുത്ത രണ്ട് മാസത്തേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി സൂക്ഷിച്ചവരുണ്ട്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരികളിലെ അഞ്ചു പേർക്ക് കൊറോണയാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ ആളുകളുടെ പരിഭ്രാന്തി വർദ്ധിച്ചു. കടകളിലും സൂപ്പർമാർക്കറ്റുകളിലും തിരക്കോട് തിരക്കായി. ആളുകൾ മൊത്തമായി അരിയും പച്ചക്കറിയും വാങ്ങിക്കൂട്ടി. റേഷൻകടകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു.
പുറത്തിറങ്ങാത്തവർ വരെ പുറത്തിറങ്ങി
തിരക്ക് മൂലം എറണാകുളം മാർക്കറ്റിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയായി. പല പച്ചക്കറി ഇനങ്ങൾക്കും വില കൂടി. കൊറോണ ഭീഷണി ഭയന്ന് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഇരുന്നവർ സാധനങ്ങൾ വാങ്ങുന്നതിനായി കുടുംബസമേതം പുറത്തിറങ്ങുകയായിരുന്നു. ആധി പിടിച്ചുള്ള വാങ്ങൽ ഇന്നലെയും തുടർന്നതോടെ പലകടകളിലും സ്റ്റോക്ക് തീർന്നു. കൊച്ചിൻ ഷിപ്പയാർഡിൻ്റെ രവിപുരത്തെ സൂപ്പർമാർക്കറ്റ് ഉൾപ്പെടെ പല സ്ഥാപനങ്ങളും ഉച്ചയോടെ പ്രവർത്തനം അവസാനിപ്പിച്ചു.ജനത കർഫ്യു അടുത്ത ആഴ്ചത്തേക്ക് നീളുമോയെന്ന ആശങ്കയും നിമിത്തമാണ് ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങികൂട്ടുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു.