la
ജാഗ്രതദിനത്തിൻ്റെ ഭാഗമായി സഹൃദയുടെ നേതൃത്വത്തിൽ പൊന്നുരുന്നിയിൽ കൈകഴുകുന്നതിനുള്ള കേന്ദ്രം അസി.പൊലീസ് കമ്മീഷണർ കെ.ലാൽജി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ദുരന്തങ്ങളെ ഒരുമിച്ചു നിന്ന് നേരിടുന്ന മലയാളിയുടെ ജാഗ്രത ശീലം കൊറോണ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായകരമാകുമെന്ന് കൊച്ചി സിറ്റി അസി. പൊലീസ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു. ബ്രേക്ക് ദ ചെയിൻ, ജനത കർഫ്യു എന്നിവയുടെ പ്രചാരണത്തിൻ്റെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ സംഘടിപ്പിച്ച ജാഗ്രതാദിനത്തിൻ്റെ അതിരൂപതാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊന്നുരുന്നി സഹൃദയ ബസ് സ്റ്റോപ്പിന് സമീപം തയ്യാറാക്കിയ കൈകഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനുമുള്ള കേന്ദ്രം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൗൺസിലർ അജി ഫ്രാൻസിസ്, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, മുൻ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. പീറ്റർ തിരുതനത്തിൽ, ഫാ. ജിനോ ഭരണികുളങ്ങര, ഡോ . ജോണി ജെ. കണ്ണമ്പിള്ളി, സി.എസ് . ബി. ബാങ്ക് മാനേജർ ഒമേഗ തേജസ് എന്നിവർ പങ്കെടുത്തു.

സഹൃദയ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി അതിരൂപതാതിർത്തിയിലെ മുന്നൂറ്റമ്പതോളം ഇടവകകളുടെ ആഭിമുഖ്യത്തിൽ ആയിരത്തിലേറെ കേന്ദ്രങ്ങളിൽ കൈകഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനുമുള്ള ഹബ്ബുകൾ ആരംഭിച്ചതായി സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ പറഞ്ഞു.