കൊച്ചി : ഹർത്താലും ബന്ദും പരിചയിച്ച മലയാളിക്ക് ഇന്നത്തെ കർഫ്യൂ അത്ര പ്രശ്നമൊന്നുമല്ല, പക്ഷേ, സോഷ്യൽ മീഡിയയെ ഇന്നൊരു ദിവസം പടിക്കു പുറത്തു നിറുത്തണം. കൊറോണയെ നേരിടാൻ പല മാർഗങ്ങളും സർക്കാർ സ്വീകരിക്കുമ്പോൾ സെക്കൻഡുകളുടെ ഇടവേളകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും വിവരങ്ങളും മലയാളിയുടെ മന:സമാധാനം കളയുമെന്ന് മനോരോഗ വിദഗ്ദ്ധർ പറയുന്നു.
എന്തിനാണ് കർഫ്യൂ
ഇന്നത്തെ കർഫ്യൂവിനെ ഒരു പരിശീലന പരിപാടിയായിട്ടാണ് കാണേണ്ടത്. കൊറോണയുടെ വ്യാപനം കൂടുതൽ ശക്തമാകുന്ന സ്ഥിതി വന്നാൽ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചുള്ള ഒരു മുന്നൊരുക്കം. ഇതിൽ പേടിയല്ല വേണ്ടത്, ജാഗ്രതയും കരുതലുമാണെന്ന് എറണാകുളം സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലെ സൈക്യാട്രിസ്റ്റായ ഡോ. എസ്.ഡി. സിംഗ് പറയുന്നു. സ്വയം നിയന്ത്രിക്കാനുള്ള പരിശീലനമാണിത്. സോഷ്യൽ മീഡിയയിലും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനാൽ കർഫ്യൂ തുടരുമോയെന്ന ഭീതിയാണ് ജനങ്ങൾക്ക്. സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതൊക്കെ ഇതു കൊണ്ടാണ്. പേടിക്കേണ്ടതില്ലെന്ന സന്ദേശങ്ങൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കണം. നമ്മുടെ സെലിബ്രിറ്റികൾ ഇതു ജനങ്ങളോടു പറയട്ടെ. ഇന്നത്തെ ദിവസം അവർ സമാധാനത്തോടെ ജീവിക്കും. - ഡോ. എസ്.ഡി സിംഗ് പറയുന്നു.
ഇന്നത്തെ ദിവസം
കൊറോണയെ നേരിടാൻ കൃത്യമായ മാർഗനിർദ്ദേശങ്ങൾ സർക്കാരും ആരോഗ്യവകുപ്പും നൽകുന്നുണ്ട്. ഇതു പാലിച്ചാൽ കൊറോണ ഭീതി ഒഴിവാക്കാനാവും. പ്രവചനാതീതമായ പ്രളയത്തെ നേരിട്ടവരാണ് നമ്മളെന്ന് മറക്കരുത് - കൊച്ചി മിത്ര ക്ളിനിക്കിലെ ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ പറയുന്നു.
വ്യാജ സന്ദേശങ്ങൾ തുടർച്ചയായി വായിക്കേണ്ടി വരുന്നത് തലച്ചോറിൽ ഭീതി കത്തിക്കയറാൻ ഇട നൽകും. ഇതൊഴിവാക്കാൻ സോഷ്യൽ മീഡിയയെ ഇന്നൊരു ദിവസം പടിക്കു പുറത്തു നിറുത്താം. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നമുക്ക് സംവിധാനങ്ങളുണ്ട്. പേടിയല്ല, ശാന്തമായി ഇരിക്കുകയാണ് വേണ്ടത്.
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ
കുടുംബവുമൊത്ത് ഒരു ദിവസം
വിശ്രമവും വ്യായാമവുമൊക്കെയായി സമാധാനത്തോടെയിരിക്കണം
പുറത്തു നിന്ന് ഭക്ഷണം ഒഴിവാക്കാം
വീട്ടിൽ പാചകം ചെയ്തു കഴിക്കാം
എണ്ണ തേച്ചു കുളിച്ച് ഉറങ്ങാൻ കഴിയുന്ന ഒരു നല്ല ദിവസം
തിരക്കു പിടിച്ച ജീവിതത്തിൽ നിന്ന് മാറിയൊരു ദിനം
സാമൂഹ്യ മാദ്ധ്യമങ്ങളെ ഒന്നകറ്റി നിറുത്താം
മാനസികാരോഗ്യവും മെച്ചപ്പെടുത്താം.