ആലുവ: കുട്ടമശേരി ചൊവ്വര ഫെറിയിലെ നീന്തൽ കടവിൽ മാലിന്യം തള്ളിവനെ തേടി നാട്ടുകാർ. ഇതിന്റെ ഭാഗമായി കടവിലേക്കുള്ള വഴിയിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ കുളിക്കാനെത്തിയ കുട്ടികളാണ് കടവിൽ മാലിന്യം കണ്ടെത്തിയത്. നിർമ്മാണ അവശിഷ്ടങ്ങളും ഇതിനോടൊപ്പം ഉണ്ടായിരുന്നു. ടൈൽ കഷ്ണങ്ങളും ഉൾപ്പെട്ടതോടെ കടവിലിറങ്ങാൻ കഴിയാതെയായി. ഇതോടെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം നാട്ടുകാർക്കായി. രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നത്. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിനോട് ഏറെ അകലെയല്ലാതെയാണ് കടവ് സ്ഥിതി ചെയ്യുന്നത്. മാലിന്യവുമായി കടവിലെത്തി തള്ളിയ ശേഷം വേഗത്തിൽ തന്നെ കടന്നു കളയാൻ സാധിക്കും. ഈ അവസരം മുതലെടുത്താണ് സാമൂഹ്യ വിരുദ്ധർ മാലിന്യ തട്ടിയിരിക്കുന്നത്.
കുളിക്കാനെത്തിയ കുട്ടികൾ പരിസ്ഥിതി പ്രവർത്തകനായ മജീദിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കിയ ശേഷമാണ് പുഴയിലിറങ്ങിയത്. കീഴ്മാട് പഞ്ചായത്തിൻെ നേതൃത്വത്തിൽ ആറ് ലക്ഷം രൂപ മുടക്കിയാണ് ചൊവ്വര ഫെറി കടവിൽ നീന്തൽ സൗകര്യത്തോടു കൂടിയ കുളിക്കടവ് നിർമ്മിച്ചത്. സ്കൂളുകൾ അടച്ചതോടെ വിവിധ പ്രായത്തിലുള്ള നിരവധി കുട്ടികളും മുതിർന്നവരുമാണ് ഇവിടെ നീന്തി കുളിക്കാനായി എത്തുന്നത്.