bus-stand
തിരക്കൊഴിഞ്ഞ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്

തൃപ്പൂണിത്തുറ: യാത്രക്കാരില്ല.സ്വകാര്യ ബസുകൾ നിരത്തു വിടുന്നു.തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡുകൾ ഹർത്താൽ ദിനത്തിലെന്നപോലെ തിരക്കൊഴിഞ്ഞു. കൊറോണ ഭീതിയെത്തുടർന്ന് നഗരത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം പെട്ടെന്ന് കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.മാർച്ച് പത്തുമുതലാണ് കോറോണ പടരുന്നവാർത്തകൾ വന്നു തുടങ്ങിയത്.ഇതോടെ യാത്രക്കാരും കുറഞ്ഞു. ഇപ്പോൾ സർക്കാർ ടാക്സ് ഇനത്തിൽ നൽകിയ ഇളവ് ഒരു മാസം എന്നത് ഏതാനും മാസത്തേയ്ക്ക് നീട്ടണം.കൂടാതെ പൊതുഗതാഗതത്തിന് സഹായമായി ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം വാഹനങ്ങൾക്ക് ഡീസലിന് ജി.എസ്.ടി ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

#നഷ്ടം സഹിച്ച് സർവീസ് നടത്തുന്നു

നിത്യവും പതിനായിരം രൂപ വരെ കളക്ഷൻ ഉണ്ടായിരുന്ന ബസുകൾക്ക് ഇപ്പോൾ ലഭിക്കുന്നത് ആറായിരത്തിലും താഴെയാണെന്ന് ബസുടമകൾ പറയുന്നു. ഇതിൽ ജീവനക്കാർക്ക് വേതനമായി നൽകുവാൻ രണ്ടായിരത്തിയഞ്ഞൂറു രൂപ വേണം. ശരാശരി അയ്യായിരം രൂപ ഡീസൽ ചിലവ് വരും. ഇപ്പോഴത്തെ അവസ്ഥയിൽ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നതെന്നും ഇതാണ് ബസുകൾ ഓട്ടം നിർത്തുന്ന കാരണമെന്നും ബസുടമകൾ പറഞ്ഞു.

#സർക്കാർ ഇടപെടണം

പലരും ബസ് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനാണ് സർവീസ് തുടരുന്നത്. ബസുകൾ ഓടാതിരുന്നാലും നിത്യവും 700 രൂപ നഷ്ടം വരും. ഒരു ബസിന് ടാക്സ്, ഇൻഷ്വറൻസ് ഇനത്തിൽ ഇത്രയും തുക നീക്കിവയ്കണം. വായ്പ പലിശ വേറെയും വരും.പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ ഇടപെടണം.

ടി.ജെ രാജു,ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം പ്രസിഡന്റ്

ജില്ലയിൽ മാത്രം 650 ലധികം സിറ്റി സർവീസ് ബസുകളുണ്ട്. ഇതിൽ നാലിലൊന്നു പോലും ഇപ്പോൾ നിരത്തിലില്ല.