ആലുവ: ജനകീയ പ്രതിഷേധം മാനിക്കാതെ എടയപ്പുറം മന്ത്യാപ്പാറയിൽ കാർബൺ പേപ്പർ കമ്പനി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ രൂപീകരിച്ച കാർബൺ കമ്പനി വിരുദ്ധ ജനകീയസമിതി അൻവർ സാദത്ത് എം.എൽ.എക്ക് നിവേദനം നൽകി. മന്ത്യാപ്പാറ റെസിഡന്റ്സ് അസോസിയേഷന്റെ കൂടി സഹകരണത്തോടെയാണ് നിവേദനം നൽകിയത്.

രാഷ്ട്രീയ - ഭരണ സ്വാധീനത്തിൽ കമ്പനിക്ക് നൽകിയ ലൈസൻസ് പിൻവലിക്കണമെന്ന് ജനകീയസമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കമ്പനി ഉടമയുടെ വസതിക്കു മുമ്പിലും പഞ്ചായത്ത് ഓഫീസിനു മുമ്പിലും കുടുമ്പസമേതം സമരം നടത്താൻ സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.കെ.എ. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാജ മൂസ, സാജിദാ സാലം, സദാനന്ദൻ അമ്പാട്ടുകാവ്, സെക്രട്ടറി എം.എം. അബ്ദുൾ അസീസ്, എം.കെ. രവീന്ദ്രൻ, സി.എസ്. അജിതൻ, സി.എസ്. സജീവൻ, പി.എച്ച്. സിദ്ധിഖ്, സജീവൻ സൗപർണിക, എം.ബി. ഉദയകുമാർ, സി.പി. ഉണ്ണി എന്നിവർ സംസാരിച്ചു.