കൊച്ചി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധന നടപടികൾ, ചികിത്സ എന്നീ വിഷയങ്ങൾ സംബന്ധിച്ച് രോഗബാധയ്ക്ക് തുടക്കമായ വുഹാനിൽ നിന്നുള്ള ഡോക്ടർമാരുൾപ്പെടെയുള്ള ചൈനീസ് സംഘവുമായി വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാരുടെ സംഘം ഓൺലൈൻ ചർച്ച നടത്തി. വൈറസ് ബാധയുടെ ആദ്യഘട്ടത്തിൽ തങ്ങൾ നേരിട്ട വെല്ലുവിളികൾ ചൈനീസ്‌സംഘം പങ്കുവച്ചു. ആദ്യഘട്ടത്തിൽ കൊറോണ വലിയഭീഷണി ഉയർത്തിയെങ്കിലും തുടർന്ന് ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ വൈറസ് ബാധയുടെ വ്യാപനം കുറച്ചുകൊണ്ടുവരാൻ ചൈനീസ് ഡോക്ടർമാർക്ക് സാധിച്ചിരുന്നു. വുഹാനിൽ നിന്നുള്ള പ്രൊഫസർ ചെൻ യാഗാംഗ് , പാർട്ടി കമ്മിറ്റി സെക്രട്ടറിയും ഫോർത് അക്കാഡമി ഒഫ് ഷെജിയാംഗ് യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ സു ജിയാൻ , വൈസ് പ്രസിഡന്റും ക്രിട്ടിക്കൽ കെയർ മെഡിസിൻ കൺസൾട്ടന്റുമായ ഡോ. സു സിഹാവോ തുടങ്ങിയവരടങ്ങുന്ന സംഘവുമായിട്ടാണ് ചർച്ച നടത്തിയത്.

കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാകുലമല്ലെങ്കിലും രോഗത്തെ പൂർണമായും പിടിച്ചുകെട്ടുന്നതിന് സാദ്ധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടു.