ആലുവ: കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീതിയോടെ ജോലി ചെയ്യുകയാണ് തപാൽ വിതരണ മേഖലയിലെ ജീവനക്കാർ. പൊതുജനങ്ങളുമായി കൂടുതൽ ഇടപെഴുകുന്ന ഇവർക്ക് വേണ്ടത്ര സുരക്ഷാ മുൻകരുതൽ ഇല്ലാത്തതാണ് പ്രശ്നം.

വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി കത്തുകളുമായി സഞ്ചരിക്കുന്ന തപാൽജീവനക്കാർ തീർത്തും ആശങ്കാകുലരാണ്. ഫ്ളാറ്റുകളിലടക്കം കത്തുകളുമായി പോകുന്നത് ഭീതിയോടെയെന്ന് ഇവർ പറയുന്നു. രജിസ്റ്റർ, സ്പീഡ് പോസ്റ്റ് തപാലുകൾ ആളുകൾക്ക് കൊടുക്കുമ്പോൾ ബന്ധപ്പെട്ട രേഖയിൽ ഒപ്പിട്ട് വാണമെന്നാണ് ചട്ടം. ഇതിനായി ഉപയോഗിക്കേണ്ട പേന തപാൽ ഉരുപ്പടികൾ വാങ്ങുന്നവരിൽ നിന്ന് തന്നെ വാങ്ങി ഒപ്പിടിക്കാനാണ് തപാൽ വകുപ്പ് പറയുന്നതെങ്കിലും ഇതൊന്നും പ്രായോഗികമല്ലെന്ന് ഇവർ പറയുന്നു. വീടുകളിൽ പലപ്പോഴും പേന ഉണ്ടാകാറില്ല. ഇങ്ങനെ വരുമ്പോൾ പല വീടുകളിലും കൂടുതൽ സമയം ചെലവഴിക്കണം.

പലയിടത്തും നിരവധിയാളുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇങ്ങനെയുള്ള വീടുകൾ ഏതൊക്കെയെന്ന് അറിയാതെ ഇത്തരം വീടുകളിൽ തപാലുമായി ചെല്ലുമ്പോൾ പതിയിരിക്കുന്നത് വൻ അപകടമാണ്. ചൈനയിൽ നിന്നടക്കം തപാൽ ഉരുപ്പടികൾ വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനൊന്നും ഇപ്പോഴും യാതൊരു നിയന്ത്രണങ്ങളുമില്ല. ഇത്തരം തപാലുകൾ കൈകാര്യം ചെയ്യുന്ന തങ്ങൾ ഭീതിയിലാണെന്ന് ആർ.എം.എസ് ജീവനക്കാരും പരാതിപ്പെടുന്നു.