ആലുവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ നഗരസഭയുടെ സഹകരണത്തോടെ ആലുവ അഗ്നിശമനസേന യൂണിറ്റ് ആലുവ നഗരവും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. ജില്ലാ ആശുപത്രിയിൽ നിന്നുലഭിച്ച അണുനാശിനി വെള്ളത്തിൽ ചേർത്ത് പമ്പ് ചെയ്യുകയാണ്. സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഭാഗം, ബാങ്ക് കവല, പമ്പ് കവല, തോട്ടക്കാട്ടുകര, മാർക്കറ്റ് ഭാഗം എന്നിവിടങ്ങളിലാണ് ഇന്നലെ അണുവിമുക്തമാക്കിയത്. സ്വകാര്യ ബസ് സ്റ്റാൻഡ് പൂർണമായി അണുവിമുക്തമാക്കി. ഇവിടെ മാത്രം മണിക്കൂറുകളോളം സമയം ചെലവഴിക്കേണ്ടി വന്നു. നിത്യേന ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന സ്ഥലമാണിത്. മാത്രമല്ല, യാത്രക്കാർക്കായി ഇരിപ്പിടങ്ങളുമുണ്ട്. ചെറുതും വലുമായ കച്ചവട സ്ഥാപനങ്ങളും ടെർമിനലിനകത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളെല്ലാം അണുവിമുക്തമാക്കി.
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിമ്മി ബേബിയുടെ സാന്നിദ്ധ്യത്തിൽ ആലുവ അഗ്നിശമന സേന യൂണിറ്റ് ഓഫീസർ കെ.വി. അശോകന്റെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണം.