വൈപ്പിൻ : ചെറായി 110 കെ വി സബ് സ്റ്റേഷനിൽ നിന്ന് മുനമ്പം വടക്കേഅറ്റം വരെ 110 കെ വി ലൈൻ വലിക്കുന്ന ജോലി തുടങ്ങി. മുനമ്പം വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭൂഗർഭ കേബിൾ സംവിധാനത്തിലേക്ക് മാറ്റുന്നതിന് ഇത് പ്രയോജനപ്പെടുത്തും. ഇതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സംയുക്തയോഗം പള്ളിപ്പുറം പഞ്ചായത്ത് ഹാളിൽ എസ് ശർമ്മ എം എൽ എ വിളിച്ചുചേർത്തു.
വൈദ്യുതിയുടെ പ്രസരണനഷ്ടം പൂർണമായും ഒഴിവാക്കി ഗുണ മേന്മയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് എത്തിക്കാൻ കഴിയുമെന്നതാണ് ലൈനിന്റെ പ്രധാനനേട്ടം. ഇലക്ട്രിക് പോസ്റ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും മെയിന്റൻസ് ചെലവുകൾ ഗണ്യമായി കുറയ്ക്കാനും കഴിയും. മൂന്ന് ഫീഡർ ലൈനുകളാണ് ഭൂഗർഭകേബിൾ സംവിധാനത്തിലേക്ക് മാറ്റുന്നത്. ഇവയിൽ രണ്ടെണ്ണം മുനമ്പം പൊലീസ് സ്റ്റേഷൻ വരെയും ഒന്ന് മാല്യങ്കരപാലം വരെയുമാണ് എത്തിക്കുക. അവിടെനിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ലൈനുകളിലേക്ക് കണക്ട് ചെയ്യും. നാലരക്കോടി രൂപയാണ് ചെലവ്.
വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയുടെ ഉന്നത നിലവാരത്തിലുള്ള ടാറിംഗ് പ്രവൃത്തികൾ ടെൻഡർ ചെയ്തിട്ടുള്ള സാഹചര്യത്തിൽ ഏപ്രിൽ 20 നകം കേബിളുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തികരിക്കാൻ കഴിയുമെന്ന് എസ്. ശർമ്മ എം.എൽ.എ പറഞ്ഞു. കേബിളുകൾക്കായി കുഴി എടുക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെവേണം പ്രവൃത്തി നടപ്പാക്കാനെന്നും അതാത് സമയത്തുതന്നെ കുഴികൾ മൂടുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിയുമായി സഹകരിക്കണമെന്ന് നാട്ടുകാരോട് എം.എൽ.എ അഭ്യർത്ഥിച്ചു.