കൊച്ചി: കൊറോണ വ്യാപനം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വിദേശ പൗരന്മാർക്ക് സഹായം നൽകുന്നതിനായി കൊച്ചി സിറ്റി പൊലീസ് വിദേശി നിരീക്ഷണ സെൽ തുറന്നു. ആരോഗ്യ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസം, ഗതാഗതം, ടിക്കറ്റിനും വിസയ്ക്കും സഹായം എന്നിവ ആവശ്യമുള്ള വിദേശ പൗരൻമാർക്ക് ഓഡിയോ അല്ലെങ്കിൽ വീഡിയോ സന്ദേശത്തിലൂടെ സെല്ലുമായി ബന്ധപ്പെടാം. അല്ലെങ്കിൽ 8590202060 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്ക്കാം. കൊച്ചി കമ്മിഷണറേറ്റിന്റെ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, വെബ്‌സൈറ്റ് ലിങ്കുകൾ വഴിയും ബന്ധപ്പെടാം. സിറ്റി ട്രാഫിക് വെസ്റ്റ് കോൺഫറൻസ് ഹാളിൽ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സവിത, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രഹാം വർഗീസ് എന്നിവർ പങ്കെടുത്തു.