നെടുമ്പാശേരി: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി കുന്നുകര പഞ്ചായത്തിലെ മസ്ജിദുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കുന്നുകര, ചാലാക്ക, വയൽകര വെസ്റ്റ്, വയൽകര ഈസ്റ്റ്, അടുവാശേരി മഹല്ലുകളുടെ സംയുക്ത കോ ഓർഡിനേഷൻ യോഗത്തിലാണ് തീരുമാനം.
രോഗബാധ തടയാൻ സർക്കാരും പഞ്ചായത്തും നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങൾക്കും പൂർണ പിന്തുണ നൽകാനും തീരുമാനിച്ചു. കുന്നുകര പഞ്ചായത്തിൽ ഏഴ് മസ്ജിദുകളാണ് നിലവിലുള്ളത്. ഇതിൽ കുന്നുകര, വയൽകര മഹല്ലുകളുടെ നേതൃത്വത്തിലുള്ള ഓരോ നമസ്‌കാര പള്ളികൾ താത്കാലികമായി അടച്ചു. മറ്റ് പള്ളികളിൽ അഞ്ച് നേരവും ബാങ്ക് വിളിച്ച ഉടനെതന്നെ നമസ്‌കാരം നിർവഹിച്ചശേഷം പത്ത് മിനിറ്റിനകം പള്ളികൾ അടയ്ക്കും. 15 വയസിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവർ വീടുകളിൽ തന്നെ നമസ്‌കാരം നിർവഹിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പള്ളികൾ എല്ലാ ദിവസവും അണുവിമുക്തമാക്കും.