കൊച്ചി: കൊറോണ വൈറസ് രോഗ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി. നാളെ മുതൽ അടുത്ത ശനിയാഴ്ച വരെയുള്ള സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റം. രാവിലെയും വൈകിട്ടും 20 മിനിട്ട് ഇടവേളകളിലും മറ്റു സമയങ്ങളിൽ ഒരു മണിക്കൂർ ഇടവിട്ടുമായിരിക്കും സർവീസ്.
രാവിലെ 6 മുതൽ 10വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും ഓരോ 20 മിനിട്ടിലും സർവീസുണ്ടാവും. രാവിലെ 10 മുതൽ വൈകിട്ട് 4വരെ ഓരോ മണിക്കൂർ ഇടവിട്ടാകും സർവീസ്.
തൈക്കൂടത്ത് നിന്നും ആലുവയിൽ നിന്നും രാത്രി പത്തിന് അവസാന ട്രെയിൻ പുറപ്പെടും. നിലവിൽ എട്ടു മിനിട്ട് ഇടവേളയിലും തിരക്കുള്ള സമയങ്ങളിൽ ആറു മിനിട്ട് ഇടവേളയിലുമാണ് മെട്രോ സർവീസ് നടത്തുന്നത്.
കോവിഡ് 19 പ്രതിരോധത്തിനായി സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് സമയ ക്രമീകരണമെന്നും അവശ്യ ഘട്ടങ്ങളിൽ മാത്രം യാത്രക്കാർ മെട്രോ ഉപയോഗപ്പെടുത്തണമെന്നും കെ.എം.ആർ.എൽ എം.ഡി അൽക്കേഷ് കുമാർ പറഞ്ഞു. ജനത കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നത്തെ എല്ലാ മെട്രോ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.