മൂവാറ്റുപുഴ: പ്രവാസിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് മലാപ്പറമ്പ് അന്താരപറമ്പിൽ പ്രദീപിനെ (34) ആണ് എസ്.ഐ. ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തലക്കാട് വാൽപ്പറമ്പിൽ ഷാഹിദ് (30), പുത്തൂർ വാഴേപ്പറമ്പിൽ വിപിൻ (30) എന്നിവരെ കഴിഞ്ഞ മൂന്നിന് പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ 28ന് രാത്രിയിലായിരുന്നു പെരുമറ്റം സ്വദേശിയായ അഷറഫിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിടെ പൊലീസ് പിടികൂടുമെന്ന് വന്നതോടെ അഷറഫിനെ കുറുപ്പംപടി ഭാഗത്ത് വഴിയിൽ തള്ളി രക്ഷപെടുകയായിരുന്നു. 15 ലക്ഷം രൂപ മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടതായും സംഭവത്തിനു പിന്നിൽ നാട്ടുകാരനായ വ്യക്തിയാണെന്നും അഷറഫ് പൊലിസിന് മൊഴി നൽകിയിരുന്നു. രാത്രിയിൽ നമസ്‌കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ കാറിലെത്തിയ സംഘം അഷറഫിനെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. സംഭവം കണ്ട നാട്ടുകാർ വിവരം അഷറഫിന്റെ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് സഹോദരൻ മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് യുവാവിനെ കടത്തിക്കൊണ്ടുപോയ ഇന്നോവ കാർ നാട്ടുകാരും പൊലീസും കണ്ടെത്തിയിരുന്നു.
ഏതാനും വർഷം മുമ്പ് നടത്തിയ സ്ഥലക്കച്ചവടത്തെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകുന്നതിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.