കൊച്ചി: ബി.പി.സി.എല്ലിന്റെ സഹായത്തോടെ സൗജന്യ സാനിറ്റൈസർ വിതരണ പദ്ധതിയുമായി ഐ.എം.എ കൊച്ചി രംഗത്ത്. ആദ്യഘട്ടം ആരോഗ്യ പ്രവർത്തകർ, ടാക്‌സിഡ്രൈവർമാർ, ബസ്ഡ്രൈവർമാർ, കണ്ടക്ടർമാർ, എറണാകുളം മാർക്കറ്റിലെ കട ഉടമകൾ, ചുമട്ടുകാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്ക് എക്‌സ്‌പോർട്ട് നിലവാരമുള്ള 50 മില്ലി ഹാൻഡ്‌സാനിറ്റൈസർ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി.

പാലിയേറ്റീവ് കെയർ പ്രവർത്തകർക്കും, ആശാ വർക്കർമാക്കും മുൻഗണന നൽകിയാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഇവർക്ക് കൃത്യമായ ഇടവേളകളിൽ വീണ്ടും നിറച്ചുനൽകും. 50 മില്ലിയുടെ ഒരുലക്ഷം ബോട്ടിലാണ് വിതരണം ചെയ്യുക. നമസ്‌തേ കൊച്ചി എന്ന പേരിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഐ.എം.എ കൊച്ചിയോടൊപ്പം ബി.പി.സി.എൽ, ഗ്രീൻ കൊച്ചി മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം, കെൽസ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടി, ജില്ലാ ഭരണകൂടം എന്നിവർ കൂടി പങ്കാളികളാണെന്ന് പ്രോഗ്രാം കൺവീനർ ഡോ. ജുനൈദ് റഹ്മാൻ പറഞ്ഞു.