c-k-gangatharan-master-

പറവൂർ : എഴുത്തുകാരനും അദ്ധ്യാപകനും പ്രഭാഷകനുമായിരുന്ന ചേന്ദമംഗലം റോഡ് മഞ്ജുഷയിൽ ഗംഗാധരൻ മാസ്റ്റർ (84) നിര്യാതനായി. ചേന്ദമംഗലം കരിമ്പാടം ചക്കാലപറമ്പത്ത് പരേതരായ കൊച്ചുണ്ണി - നാരായണി ദമ്പതികളുടെ മകനാണ്. ചേന്ദമംഗലം കൈത്തറി സംഘത്തിൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. പള്ളുരുത്തി എസ്.ഡി.പി.വൈ ഹൈസ്‌കൂൾ, പുതിയകാവ് ഗവ. ഹൈസ്‌കൂൾ, പറവൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. സാക്ഷരതാമിഷൻ ജില്ലാ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡന്റ്, കേരള ഗവ ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ലാ വൈസ് പ്രസിഡന്റ്, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റിഅംഗം, കരിമ്പാടം ഡി.ഡി. സഭ സ്കൂൾ മാനേജർ, ലീഗൽ എയ്ഡ് ആൻഡ് അഡ്വൈസറി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സഹോദരൻ അയ്യപ്പൻ, ഡോ. പല്പു, ഡോ. പി ആർ. ശാസ്ത്രി, എൻ. ശിവൻപിള്ള എന്നിവരുടെ ജീവചരിത്രം, ഓർമ്മയുടെ നടപ്പാത എന്ന ആത്മകഥ, നിരവധി ലേഖനങ്ങൾ എന്നിവ സാഹിത്യലോകത്ത് ഗംഗാധരൻ മാസ്റ്ററുടെ സംഭാവനയാണ്. ഭാര്യ: സൈന (റിട്ട അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പ്). മക്കൾ : സ്മിത, ഹരിത. മരുമക്കൾ: പ്രസന്നൻ (പത്രപ്രവർത്തകൻ), കല്യാണകൃഷ്ണൻ (സിവിൽ എൻജിനീയർ) സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

വി.ഡി. സതീശൻ എം.എൽ.എ, സിപി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് തുടങ്ങിയവരും കലാ - സാംസ്കാരിക പ്രസ്ഥാനങ്ങളും പ്രവർത്തകരും അനുശോചിച്ചു.