ഇന്നലെ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ജില്ലയിൽ രോഗബാധിതരായി കഴിയുന്നവർ 12
ഇന്നലെ സ്ഥിരീകരിച്ച മൂന്ന് പേർ ഗൾഫിൽ നിന്ന് എത്തിയവർ
കൊച്ചി: ആശങ്കകൾ ഒഴിയുന്നില്ല. ഇന്നലെയും എറണാകുളത്ത് ഐസൊലേഷനിൽ കഴിയുന്ന മൂന്നു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കഴിയുന്ന രോഗ ബാധിതരുടെ എണ്ണം 12ആയി ഉയർന്നു. കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമായെന്ന് വ്യക്ത. പക്ഷേ, ആരും ഭയപ്പെടേണ്ട സാഹര്യമില്ല. സർക്കാർ നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് മാത്രം.
നിരീക്ഷണത്തിലുള്ളവർ: 3474
വീട്ടിൽ നിരീക്ഷണത്തിലുള്ളവർ :3451
ആശുപത്രിയൽ നിരീക്ഷണത്തിൽ: 23
ഇന്നലെ വീട്ടിൽ നിരീക്ഷണത്തിലായവർ: 1162
ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവായവർ: 1907
ആശുപത്രിയിൽ നിരീക്ഷണത്തിലായവർ: 1
ഇന്നലെത്തെ സാമ്പിൾ ശേഖരണം: 11
റിസൽട്ട് ലഭിച്ചത്: 20
സ്ഥിരീകരിച്ചത്: 3
നെഗറ്റീവ്:17
വരാനുള്ള റിസൽട്ട്: 63
കൊറോണയെ തുരത്താൻ സാമൂഹ്യ ശരിദൂരം
കൊറോണ വൈറസ് രോഗം മഹാമാരിയായി ലോകം കീഴടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന ആയുധമാണ് സാമൂഹ്യ ശരിദൂരം. സാമൂഹ്യ ശരിദൂരം എന്നത് സാമൂഹ്യ സമ്പർക്ക വിലക്ക് എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യ ശരിദൂരം എന്ന ആശയം എല്ലാവരും മനസ്സിലാക്കണം.അത് പാലിക്കണം.
എന്തിനാണ് സാമൂഹ്യ ശരിദൂരം പാലിക്കുന്നത് ?
കൊറോണ വൈറസ് രോഗം പെട്ടെന്ന് പടരുന്ന രോഗമാണ്. ഒരു രോഗ ബാധിതനിൽ നിന്ന് ശരാശരി മൂന്ന് പേർക്ക് രോഗപകർച്ച ഉണ്ടാകാം. നിപ്പക്ക് ഇത് വെറും 0.5 മാത്രമാണ്. വൈറസിന്റെ പ്രത്യേകതകളോടൊപ്പം രോഗപ്പകർച്ചയും സാമൂഹ്യ വ്യാപനവും നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ വേറെയുമുണ്ട്. അതിൽ പ്രധാനം ആളുകൾ എത്രതവണ തമ്മിൽ സമ്പർക്കം പുലർത്തുന്നു എന്നതും ഓരോ സമ്പർക്കവും എത്രനേരം നീണ്ടുനിൽക്കുന്നു എന്നതുമാണ്. സാമൂഹ്യ ശരിദൂരം കൃത്യമായി പാലിച്ചാൽ വൈറസിന്റെ വ്യാപനം തടയാനോ അല്ലെങ്കിൽ താമസിപ്പിക്കാനോ സാധിക്കും.
ആരാണ് സാമൂഹ്യ ശരിദൂരം പാലിക്കേണ്ടത് ?
സമൂഹത്തിലെ എല്ലാ പൗരന്മാരും ഇത് പാലിക്കണം.
എങ്ങനെയാണ് സാമൂഹ്യ ശരിദൂരം പാലിക്കേണ്ടത് ?
കഴിയുന്നത്ര ആളുകളുമായുള്ള അടുത്ത സമ്പർക്കം സമൂഹത്തിൽ കുറയ്‌ക്കുക.അനാവശ്യ യാത്രകൾ ഒഴിവാക്കുക, അനാവശ്യ ഒത്തുചേരലുകൾ ഒഴിവാക്കുക, അനാവശ്യ പൊതുസ്ഥല സന്ദർശനം ഒഴിവാക്കുക. ആവശ്യമുള്ളത് ഒന്നും ഒഴിവാക്കേണ്ടതില്ല.
ഹോട്ടലുകളിൽ പോകാൻ സാധിക്കുമോ ?
ഒരു ആവശ്യ കാര്യങ്ങളും വേണ്ടെന്നു വയ്‌ക്കേണ്ടതില്ല. ഓൺലൈനായി ഓർഡർ ചെയ്ത് കഴിക്കാം. ഹോട്ടലുകളിൽ തന്നെ ഒരു മീറ്റർ അകലത്തിൽ ടേബിളുകൾ ക്രമീകരിക്കാം.
വ്യായാമം ചെയ്യുവാൻ കഴിയുമോ ?
ജിം ഉപയോഗിക്കുന്നതിന് പകരം വീടിനടുത്ത് നടക്കാനോ, ഓടാനോ പോകാം. സൈക്കിൾ ചവിട്ടാം, വീടിനകത്ത് തന്നെ വ്യായാമം ചെയ്യാം.
ഡോ. രാകേഷ് പി. എസ്
ലോകാരോഗ്യ സംഘടന ഉപദേഷ്ടാവ്
പൊലീസുകാൻ രഘുവിന് 5,000 രൂപയും പ്രശസ്‌തി പത്രവും
ഫ്രഞ്ച് യുവതിയേയും കൈകുഞ്ഞിനെയും സഹായിച്ച കളമശേരി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.എസ് .രഘുവിന് അനുമോദനം. കമ്മിഷണർ വിജയ് സാഖറെ 5,000 രൂപയും പ്രശസ്‌തി പത്രവും കൈമാറി. ഇവർ ഭക്ഷണം പോലും ലഭിക്കാതെ വഴിയരുകിൽ കഴിയുകയായിരുന്നു. നാട്ടുകാർ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിയതാണെന്നും പൊലീസിന് തെറ്റായി വിവരം നൽകി. എന്നാൽ രഘുവിന്റെ സംഘം കാര്യങ്ങൾ തിരക്കി സുരക്ഷ ഉറപ്പാക്കി.