കോലഞ്ചേരി: പക്ഷിപ്പനി ആയാലെന്ത് കൊറോണ ആയാലെന്ത് കോഴിക്കച്ചവടം ഉഷാറായി നടക്കുന്നുണ്ട്. എന്തായാലും ഫാമുടമകൾക്ക് താത്കാലികാശ്വാസം. ഇന്നലെ കോഴി വില 92 ലെത്തി. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതോടെ കൊറോണ പ്രതിരോധം ആഘോഷമാക്കി ആളുകൾ കൂട്ടമായി കോഴി വാങ്ങാനെത്തിയതോടെ തകർന്നു തരിപ്പണമായ കോഴി കച്ചവടത്തിന് ജീവൻ വച്ചത്. ലോക്ക് ഡൗൺ ജനതാ കർഫ്യൂ പോലെ തന്നെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മിക്കവരും. ഇന്നലെ ചിക്കൻ സ്റ്റാളുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. പക്ഷിപ്പനിയും കൊറോണ മുൻകരുതലുകളും വന്നതോടെ വിപണി പാടേ തകർന്നിരുന്നു. ശനിയാഴ്ച മുതൽ കോഴിക്കടകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി . പക്ഷിപ്പനിയെത്തുടർന്ന് ഒരാഴ്ച മുമ്പ് കിലോയ്ക്ക് 35 രൂപയിലേക്ക് ഇറച്ചിവില കൂപ്പുകുത്തിയിരുന്നു. എന്നിട്ടും ആവശ്യക്കാരില്ലായിരുന്നു. നിരവധി ഫാമുടമകൾ വളർത്താനായി ചെറുകിട കച്ചവടക്കാർക്ക് കോഴി കുഞ്ഞുങ്ങളെ കൊടുക്കുന്നതും നിർത്തിയിരുന്നു. തീറ്റയും,മരുന്നും നൽകിയില്ല.ഇതോടെയുണ്ടായ വളർച്ചയില്ലാത്ത കോഴികളെ സൗജന്യമായി നൽകാമെന്നു പറഞ്ഞെങ്കിലും വാങ്ങാൻ പോലും ആരും തയ്യാറായിരുന്നില്ല.
ഇത് ചില്ലറവ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
#കോഴിവില@ 92
ശനിയാഴ്ച 80 രൂപയായിരുന്നു പലയിടത്തും വില. ഇന്നലെ വില കൂടി 92 ലെത്തുകയും ചെയ്തു.വില കൂടിയിട്ടും ഇറച്ചി വാങ്ങാൻ വലിയ തിരക്കുണ്ടായി. തമിഴ് നാട്ടിലെ ഫാമുകളിൽ നിന്നും കോഴി എത്തുന്നില്ല. പ്രാദേശിക ഉത്പാദനം കുറഞ്ഞതും ഇനിയും വില ഉയരുമെന്നാണ് കണക്കു കൂട്ടുന്നത്.