കോലഞ്ചേരി: എത്ര പറഞ്ഞാലും പഠിക്കില്ല. കൊറോണ വൈറസിനെ തടയാനുള്ള ഏറ്റവും വലിയ പ്രതിരോധം ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കലാണെന്നിരിക്കെ സർക്കാർ നിർദ്ദേശങ്ങൾ പാടേ മറക്കുകയാണ് ജനങ്ങൾ. കോവിഡ് പ്രതിസന്ധി ഒഴിവാക്കാൻ സാമൂഹികമായി അകലം പാലിക്കുന്നത് ഏ​റ്റവും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് ചിലരുടെ കാഴ്ചപ്പാട്.

ശനിയാഴ്ച പലചരക്ക് പച്ചക്കറിക്കടകളിലും സൂപ്പർ മാർക്ക​റ്റുകളിലും ജനം തടിച്ചുകൂടി. ക്യൂ നിന്നാണ് പലയിടത്തും സാധനങ്ങൾ വാങ്ങിയത്. ഒന്നും രണ്ടും മാസത്തേക്കുള്ള സാധന സാമഗ്രികളാണ് വാങ്ങിക്കൂട്ടിയത്. മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും പതിവിൽ കൂടുതൽ തിരക്കും ക്യൂവുമുയിരുന്നു. കുട്ടികളടക്കം കുടുംബസമേതമാണ് പലരും സൂപ്പർ മാർക്ക​റ്റുകളിലെത്തിയത്. മാർക്ക​റ്റുകളിൽ ആളുകൾ അകലം പാലിച്ച് ഒരേസമയം ഒരിടത്ത് 25ൽ കൂടാതെ ക്രയവിക്രയങ്ങളിൽ ഏർപ്പെടണമെന്ന നിർദ്ദേശം പോലും പാലിച്ചില്ല. എന്നാൽ നിരവധി ആരാധനാലയങ്ങൾ നിയന്ത്രണമേർപ്പെടുത്തി മാതൃക കാണിക്കുന്നുണ്ട്. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്നതിനും മ​റ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കുന്നതിനും ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. ആരാധനാലയങ്ങളിൽ കൂട്ട പ്രാർഥനകൾ ഒഴിവാക്കി. കുന്നത്തുനാട് താലൂക്കിലെ മുസ്ലീം പള്ളികളിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ നിസ്ക്കാരവുമില്ല.

#ഇനിയും സാനിറ്റൈസയ സ്ഥാപിക്കാതെ എ.ടി.എം കൗണ്ടറുകൾ

എ.ടി.എം. കൗണ്ടറുകളിൽ സാനി​റ്റൈസർ നിർബന്ധമാക്കണമെന്ന നിർദേശം നടപ്പാക്കാതെ ബാങ്കുകൾ. എ.ടി.എം. കൗണ്ടറുകളുടെ മുന്നിലും ബ്രേക്ക് ദ ചെയിൻ കിയോസ്‌കുകൾ ആരംഭിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. എ.ടി.എം മോണി​റ്ററുകളിലും കീപാഡുകളിലും ടൈപ്പ്‌ചെയ്തശേഷം കൈകൾ വൃത്തിയാക്കുന്നതിനായാണ് ഇത്. എന്നാൽ, നിർദേശം നിലനിൽക്കെ ബാങ്കുകളോട് ചേർന്നുള്ള കൗണ്ടറുകൾ ഉൾപ്പടെയുള്ള ഭൂരിഭാഗം കൗണ്ടറുകളിലും സാനി​റ്റൈസറുകൾ ലഭ്യമാകുന്നില്ല.

#ചിക്കൻസ്റ്റാളുകൾ കാലിയായി

ജനതാകർഫ്യൂ,ഹർത്താൽ പോലെതന്നെ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു മിക്കവരും.ശനിയാഴ്ച ചിക്കൻസ്റ്റാളുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. പക്ഷിപ്പനിയും കൊറോണ മുൻകരുതലുകളും എല്ലാവരും പാടേ മറന്നു. വലിയ ഇടവേളയ്ക്കുശേഷമാണ് കോഴിക്കടകളിൽ തിരക്ക് അനുഭവപ്പെട്ടത്. പക്ഷിപ്പനിയെത്തുടർന്ന് ഒരാഴ്ച മുമ്പ് കിലോയ്ക്ക് 40 രൂപയിലേക്ക് താഴ്ന്ന കോഴിയിറച്ചി വില 70 ലേയ്ക്കെത്തിയിട്ടും ആർക്കും പരാതി ഉണ്ടായില്ല.കൂട്ടം കൂടി നിന്നും ക്യൂ നിന്നും രാത്രി വൈകിയും വാങ്ങാൻ മടിയുമുണ്ടായില്ല.

#ഭയമില്ലാതെ മദ്യപാനികൾ

ബീവറേജസ് ഷോപ്പുകളിൽ ക്യൂ ഒരു മീറ്റർ ദൈർഘ്യം പാലിച്ചപ്പോഴും, ഷെയറിട്ട് മദ്യം വാങ്ങി, ഷോപ്പുകൾക്കു സമീപം ഒഴിഞ്ഞ ഭാഗത്തു നിന്നടിച്ച് വീട്ടിൽ പോകുന്ന ശീലത്തിന് ഒരു കുറവുമില്ല. ഒരേ ഗ്ലാസിൽ ഒന്നിലധികം പേർ കഴിക്കുന്നതിലും കൊറോണ പേടിയില്ല.

#വീടുകൾ വൃത്തിയാക്കുന്നത്

അന്യസംസ്ഥാനക്കാർ

അന്യ സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും നാടു വിട്ടെങ്കിലും, നാട്ടിലുള്ളവർ തൊഴിൽ തേടി ടൗണുകളിലെത്തുന്ന പതിവ് നിർത്തിയിട്ടില്ല. രാവിലെ കാറിലും, ബൈക്കിലുമായെത്തി വീടുകളിലെ വിവിധ പണികൾക്കായി ഇവരെ കയറ്റി കൊണ്ടു പോകുന്ന ശീലവും മലയാളികൾ ഉപേക്ഷിച്ചിട്ടില്ല. ഇന്നലെ രാവിലെയും വീടുകൾ വൃത്തിയാക്കാനുള്ള സർക്കാർ നിർദ്ദേശത്തിൽ തൊഴിലാളികളെ അന്വേഷിച്ച് പുലർച്ചെ ടൗണിലെത്തിയവരുമുണ്ട്.