കൊച്ചി : പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ജനം സ്വമേധയാ നടപ്പാക്കിയ ജനതാ കർഫ്യൂ സോഷ്യൽ മീഡിയയിൽ സജീവ ദിനമായി. ജനങ്ങൾ പുറത്തിറങ്ങിയില്ലെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സമൂഹവുമായുള്ള ബന്ധം തുടർന്നു. ജനതാ കർഫ്യൂ പ്രഖ്യാപിച്ച ദിനങ്ങളിൽ മലയാളികളിൽ പലരും ആശയത്തെ സോഷ്യൽമീഡിയ വഴി ട്രോളിയെങ്കിലും ഇന്നലെ ട്രോളിന് പകരം കർഫ്യൂ ദിനം ആചരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങളും പോസ്റ്റുകളുമാണ് പലരും ഷെയർ ചെയ്തത്.

ചിലർ ടിക്ടോക്കിൽ ചെയ്ത വീഡിയോകൾ പങ്കുവച്ചപ്പോൾ മറ്റുചിലർ വീട്ടുകാരിയെ സഹായിക്കുന്നതിന്റെ തിരക്കിലായിരുന്നു. കർഫ്യൂദിനത്തിൽ കൃഷിക്കാരനായി മാറിയതിന്റെ സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചവരുമുണ്ട്.

സജീവമായി ഗ്രൂപ്പുകൾ

ജോലിത്തിരക്കിൽ കുടുംബങ്ങളുടെയും കൂട്ടുകാരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് വിട്ടുനിന്നവർക്ക് കർഫ്യൂദിനം ബന്ധങ്ങൾ പുതുക്കാൻ വീണുകിട്ടിയ ദിനം കൂടിയായി. "അകന്നിരുന്ന് അടുപ്പം കൂട്ടാ"മെന്ന കൊറോണ സന്ദേശം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കി ചിലർ. ഗ്രൂപ്പുകളിലെ ചർച്ചകളിലും നിറഞ്ഞുനിന്നത് കൊറോണ വൈറസ് ആശങ്കകൾ തന്നെ. വൈറസിൽ നിന്ന് രക്ഷനേടേണ്ടതിനുള്ള മാർഗങ്ങൾ മുതൽ വരാനിരിക്കുന്ന കർശന നിയന്ത്രണ ദിനങ്ങളെ എങ്ങനെ നേരിടാം എന്നതു വരെ ചർച്ചയ്ക്ക് വിഷയങ്ങളായി.

ട്രോളിൽ കുരുങ്ങി മോഹൻലാൽ

ജനതാ കർഫ്യൂവിന് എതിരെ ട്രോളുകൾ ഉണ്ടായില്ലെങ്കിലും ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ചയായത് നടൻ മോഹൻലാലാണ്. ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ സ്വകാര്യ ചാനലിന് നൽകിയ സന്ദേശമാണ് ഒരു കൂട്ടരെ ചൊടിപ്പിച്ചത്. വൈകിട്ട് കൈയടിച്ചാലുണ്ടാകുന്ന ശബ്ദം മന്ത്രോച്ചാരണം പോലെയാണെന്നും അതിൽ വൈറസുകൾ ഇല്ലാതാകും എന്ന വാക്കുകളാണ് വിമർശനത്തിനിടയാക്കിയത്. നടനെ നിശിതമായി വിമർശിച്ച പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു.

താരങ്ങളും ആക്ടീവ്

ജനതാ കർഫ്യൂ ദിനത്തിൽ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കൊറോണ പ്രതിരോധ ബോധവത്കരണത്തിനാണ് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തലമുതി‌‌ർന്ന താരങ്ങളും പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജുവാര്യർ തുടങ്ങിയ യുവതാരങ്ങളും കർഫ്യൂദിനവും പ്രയോജനപ്പെടുത്തിയത്. വൈകിട്ട് 5ന് ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാൻ നടൻ ജയസൂര്യ സോഷ്യൽ മീഡിയയെ കൂട്ടുപിടിച്ചു.