കോലഞ്ചേരി: ജനത കർഫ്യൂ, കോലഞ്ചേരി മേഖലയിൽ പൂർണം. പട്ടിമറ്റം, കോലഞ്ചേരി, കിഴക്കമ്പലം, പള്ളിക്കര മേഖലയിലെ ഒരു വ്യാപാര സ്ഥാപനം പോലും തുറന്നില്ല. ഹർത്താലും, ബന്ദും പടിക്കു പുറത്തു നിർത്തിയ പള്ളിക്കരയിലും, മോറക്കാലയിലും മെഡിക്കൽ ഷോപ്പടക്കം മുഴുവൻ സ്ഥാപനങ്ങളും അടച്ചു. ഇരു ചക്ര വാഹനങ്ങളും,കാറുകളുമടക്കം നിരത്തിൽ വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കർഫ്യൂവിനെ കുറിച്ചറിയാതെ രാവിലെ ഭായിമാർ ടൗണിലെത്തിയെങ്കിലും പണിക്കു വിളിക്കാൻ ആരുമെത്താത്തതോടെ തിരിച്ചു പോയി. നാളിതു വരെ കാണാത്ത സുരക്ഷയ്ക്കുള്ള മുൻ കരുതലായിരുന്നു മേഖലയിൽ. സാധാരണ ഹർത്താൽ ദിവസങ്ങളിൽ തട്ടു കടക്കാർ തുറക്കുന്ന പതിവും ഉണ്ടായില്ല. ഹർത്താൽ ദിനങ്ങളിൽ വൈകിട്ട് കട തുറക്കുന്ന പതിവുണ്ടായിരുന്നതും ഉപേക്ഷിച്ചു.