ആലുവ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ആലുവ നഗരവും പരിസര പ്രദേശങ്ങളുമെല്ലാം നിശ്ചലമായി. നിരത്തുകളിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ മാത്രമല്ല കാൽനട യാത്രക്കാരും പൂർണമായി വിട്ടുനിന്നു.
കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സാധാരണയായി ഹർത്താലും ബന്ദും മറ്റും വരുമ്പോൾ തുറക്കാറുള്ള മെഡിക്കൽ ഷോപ്പുകൾ പോലും ഏതാണ്ട് പൂർണമായി അടഞ്ഞുകിടന്നു. നഗരത്തിൽ ഒന്നുരണ്ട് മെഡിക്കൽ ഷോപ്പുകൾ തുറന്നത് യഥാർത്ഥത്തിൽ രോഗികൾക്കും മരുന്ന് വാങ്ങാനെത്തിയവർക്കും അനുഗ്രഹമായി. പൊലീസ് വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പൊലീസും ചുരുക്കം ചില മാദ്ധ്യമ പ്രവർത്തകരുമാണ് നഗരത്തിലെത്തിയത്.
സമീപ പഞ്ചായത്തുകളായ ചൂർണിക്കര, കീഴ്മാട്, എടത്തല, കടുങ്ങല്ലൂർ പ്രദേശങ്ങളിലും ജനത കർഫ്യൂ പൂർണമായിരുന്നു. നാട്ടിൻപുറങ്ങളിലെ കവലകളിലും നാട്ടുകാരുടെ കൂടിച്ചേരലുകൾ ഉണ്ടായില്ല. എല്ലാവരും വീടുകളിൽ കഴിച്ചുകൂട്ടി. ചിലർ മുഖ്യമന്ത്രി ആഹ്വാനം ചെയ്തതനുസരിച്ച് വീടും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലുമായിരുന്നു.