കൊച്ചി: വിദേശമദ്യ വില്പനശാലകൾ 31 വരെ അടച്ചിടണമെന്ന് വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വില്പനശാലകളിലെ തൊഴിലാളികളും കുടുംബാംഗങ്ങളും കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി, എക്സൈസ്, സഹകരണ വകുപ്പ് മന്ത്രിമാർക്ക് സമർപ്പിച്ച നിവേദനത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി ബാബു ജോർജ് പറയുന്നു.
പൊതുജനങ്ങൾ കൂടുതലെത്തുന്ന കടകൾ, മാളുകൾ, ആരാധനാലയങ്ങൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയവ സർക്കാരിന്റെ നിർദ്ദേശപ്രകാരം അടിച്ചിട്ടിട്ടുണ്ട്. വിദേശമദ്യ വില്പനശാലകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്ന സർക്കാർ നിലപാട് അപഹാസ്യമാണ്. രോഗികളും രോഗമില്ലാത്തവരും ഇതര സംസ്ഥാന തൊഴിലാളികളും വരുകയും തിക്കിത്തിരക്ക് കൂട്ടുകയും ചെയ്യുന്ന സ്ഥലമാണ് വില്പനശാലകൾ.
സംസ്ഥാന ബീവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും വിദേശമദ്യ വില്പനശാലകളിലും അയ്യായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കൊറോണ ഭീതിയിലാണ്. വില്പനശാലകളിലെ ജീവനക്കാരും പൗരന്മാരാണെന്ന പരിഗണന നൽകാൻ സർക്കാർ തയ്യാറാകണം.
സർക്കാരിന് ലഭിക്കുന്ന സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമിട്ട് മദ്യവില്പനശാലകൾ തുറക്കുന്നത് ഗുരുതരാവസ്ഥ സൃഷ്ടിക്കും. കൊറോണ വൈറസ് പടരാനുള്ള സാദ്ധ്യത പരിഗണിച്ച് വില്പനശാലകൾ അടച്ചിടാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.