കഴിഞ്ഞ ബഡ്‌ജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പായില്ല
കൊച്ചി: മുൻ ബഡ്ജറ്റുകളിലെ ഒരൊറ്റ പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന നാണക്കേടിനിടെ കൊച്ചി കോർപ്പറേഷൻ ഭരണ സമിതിയുടെ അവസാന ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മുന്നിൽകണ്ട് ജനപ്രിയ ബഡ്‌ജറ്റ് അവതരിപ്പിക്കുക എന്ന കടുത്ത ദൗത്യമാണ് പുതിയ ഡെപ്യൂട്ടി മേയർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം അവതരിപ്പിക്കാനിരുന്ന ബഡ്‌ജറ്റ് കൊറോണ ആശങ്ക മൂലം മാറ്റിയിരുന്നു. ഈമാസം 31 നകം ബഡ്‌ജറ്റ് പാസാക്കേണ്ട നിയമപരമായ ബാദ്ധ്യത കണക്കിലെടുത്താണ് ഇന്നു രാവിലെ 10.30 ന് അവതരിപ്പിക്കുക. ഒരു മണിക്കൂർ കൊണ്ട് നടപടികൾ പൂർത്തിയാക്കി ബഡ്‌ജറ്റ് അംഗീകരിക്കും. ചർച്ചയുണ്ടാകില്ലെന്ന് ഡപ്യൂട്ടി മേയർ അറിയിച്ചു.
# ചെറിയ നികുതി വർദ്ധന ഉണ്ടാകും
സാമ്പത്തിക പ്രതിസന്ധിയും ബാദ്ധ്യതയും ഏറെയുണ്ടെങ്കിലും ജനങ്ങളുടെ മേൽ അധിക നികുതി ഭാരമൊന്നും അടിച്ചേൽപ്പിക്കാത്ത ബഡ്ജറ്റാവും അവതരിപ്പിക്കുക. കെട്ടിട നികുതി സർക്കാർ വർദ്ധിപ്പിച്ചതിനാൽ ആ നിലയ്ക്കു പരമാവധി വരുമാന വർദ്ധന നേടാനാണ് ശ്രമം.
കെ.ആർ. പ്രേമകുമാർ
ഡെപ്യൂട്ടി മേയർ
# പാഴായ ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ
കഴിഞ്ഞ ബഡ്ജറ്റുകളിൽ പ്രതീക്ഷ നൽകിയ ശേഷം നടപ്പാക്കാതെ പോയ ചില പദ്ധതി നിർദേശങ്ങൾ ഇങ്ങനെ..
# റോഡ്-കാന നവീകരണത്തിനു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അന്യൂറ്റി പദ്ധതി. 15 വർഷത്തെ ഗാരൻഡിയോടെ പദ്ധതികൾ നടപ്പാക്കുന്നതാണിത്. ഈ കാലയളവിൽ അറ്റകുറ്റപ്പണികളടക്കം ഉത്തരവാദിത്തം കരാറുകാർക്കായിരിക്കും
# നഗരസഭ തൊഴിലാളികൾക്ക് ഇൻഷ്വറൻസ്
(ഇൻഷ്വറൻസ് പോയിട്ട് കൊറോണ സമയത്ത് വേണ്ടത്ര മാസ്ക് പോലും നൽകാനായിട്ടില്ല).
# സൗത്ത് മേല്പാലത്തിൽ കാൽനട യാത്രാ സൗകര്യവും സൈക്കിൾ ട്രാക്കും ഉൾപ്പെടെ പുതുക്കി പണിയുന്നതിന് സ്ഥലം ഏറ്റെടുക്കും. പ്രാഥമിക ചെലവുകൾക്കായി 2017ലെ ബഡ്‌ജറ്റിൽ വകയിരുത്തിയത് മൂന്നു കോടി
# ജനപങ്കാളിത്തത്തോടെ റോഡുകളുടെ നവീകരണവും പരിപാലനവും ലക്ഷ്യമിട്ട് 74 ഡിവിഷനുകളിലെ ഓരോ റോഡ് വീതം ദത്തെടുക്കും. ഏറ്റവും മികച്ച രീതിയിൽ റോഡുകൾ പരിപാലിക്കുന്ന കമ്മിറ്റികൾക്കു കാഷ് അവാർഡ്
# പശ്ചിമകൊച്ചിക്കായി മൊബിലിറ്റി ഹബ് ഉൾപ്പെടെ പ്രത്യേക ഗതാഗത പദ്ധതി
# നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെലവു കുറഞ്ഞ രീതിയിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് എ.ടി.എം
# നഗരസഭയുടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് സ്വന്തം വർക്ക് ഷാപ്പ്.
(പ്രഖ്യാപനം പാഴായെന്നു മാത്രമല്ല, 150 ൽ അധികം വാഹനങ്ങൾ സ്വന്തമായുള്ള നഗരസഭയ്ക്ക് ഒരു മെക്കാനിക്കൽ എൻജിനിയർ പോലുമില്ല).
# റോഡിലെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാനുള്ള പ്രത്യേക സംവിധാനം.
# പുതിയ വരുമാന മാർഗമായി നഗരസഭ ബോണ്ട്. പരിപാലിക്കാതെ വെറുതെ ഇട്ടിരിക്കുന്ന ഭൂമിയ്ക്ക് പിഴ നികുതി.
# ഗോശ്രീ പാലം മുതൽ ബി.ടി.എച്ച് ഹോട്ടൽ വരെയുള്ള ഭാഗത്തു തെരുവു കച്ചവടവും പെട്ടിക്കടകളും പൂർണമായി നിരോധിക്കും.
# മുല്ലശേരി കനാൽ റോഡിലെ ഫാഷൻ സ്ട്രീറ്റും ബോട്ട് ജെട്ടിയിലെ കുട്ടികളുടെ തിയേറ്ററിനു മുൻവശത്തെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളും സ്ട്രീറ്റ് വെൻഡിംഗ് സോൺ ആയി പ്രഖ്യാപിച്ച് കച്ചവടത്തിന് സ്ഥിരം കെട്ടിടം ഒരുക്കി മാസവാടക പിരിക്കും.
# ഭരണം കാര്യക്ഷമമാക്കാൻ വിവിധ സേവന മേഖലകളിലായി പ്രത്യേക കമ്പനി (എസ്.പി.വി)
(ഫോർട്ട് കൊച്ചി വൈപ്പിൻ റോറോ സർവീസിന് എസ്.പി.വി രൂപീകരണം പോലും അനിശ്ചിതത്വത്തിൽ).
# നഗരത്തിലെ ഹാളുകളിലെല്ലാം പ്ലാസ്റ്റിക് രഹിത ഹരിതചട്ടം നടപ്പാക്കും