നെടുമ്പാശേരി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നെടുമ്പാശേരി മേഖലയിലെ നാല് പഞ്ചായത്തുകളിലായി 206 പേർ നിരീക്ഷണത്തിൽ. കുന്നുകര 65, ചെങ്ങമനാട് 64, നെടുമ്പാശേരി 31, പാറക്കടവ് 46 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലായി നിരീക്ഷണത്തിൽ കഴിയുന്നവർ.

നിരീക്ഷണത്തിൽ കഴിയുന്നവരിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർ മുതൽ വിമാനത്താവളത്തിലെ ജീവനക്കാർ വരെയുണ്ട്. നിലവിൽ വീടുകളിലാണ് ഇവർ നിരീക്ഷണത്തിൽ. ഇവരോട് നിരീക്ഷണ കാലാവധി കഴിയുന്നതുവരെ വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. ഇതുവരെയുള്ള പ്രാഥമിക പരിശോധനയിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

പള്ളികൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടമായെത്തിയുള്ള ആരാധനകളും മറ്റ് ചടങ്ങുകളും ഒഴിവാക്കണമെന്നും പഞ്ചായത്തുകളിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യവ്യക്തികൾ, സമുദായ സംഘടനകൾ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹാളുകളിലും മണ്ഡപങ്ങളിലും ആളുകൾ കൂട്ടമായി സംഘടിപ്പിക്കുന്ന വിവാഹം പോലുള്ള ചടങ്ങുകൾക്കും പരിപാടികൾക്കും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.