നെടുമ്പാശേരി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കംമുതൽ മുഴുവൻ സമയവും ജാഗ്രതയോടെ പ്രവർത്തിച്ച വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമായി.
വൈറസ് വ്യാപനംമൂലം വിമാന സർവീസ് കുറഞ്ഞതിനാൽ കരാർ കമ്പനികൾ ജീവനക്കാർക്ക് ശമ്പളമില്ലാത്ത നിർബന്ധിത അവധി നൽകിയിയിരിക്കുകയാണ്. മറ്റു ജില്ലകളിൽ നിന്നെത്തി വാടകയ്ക്ക് താമസിച്ച് ജോലി ചെയ്യുന്നവർ ശമ്പളവും ഭക്ഷണവുമില്ലാതെയും സ്വന്തം നാട്ടിൽ പോകാനാവാതെയും കുടുങ്ങിക്കിടക്കുകയാണ്. ചെറിയ ശമ്പളം മാത്രം ലഭിക്കുന്ന ഇത്തരം ജീവനക്കാരെ സംരക്ഷിക്കാനവശ്യമായ നടപടികൾ കരാർ കമ്പനികൾ സ്വീകരിക്കണമെന്ന് സിയാൽ എപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. കരാർ കമ്പനികൾക്ക് ആവശ്യമായ നിർദേശങ്ങളും, ആനുകൂല്യങ്ങളും നൽകാൻ സിയാൽ മനേജ്‌മെന്റും നടപടിയെടുക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.