കൊച്ചി: കൊറോണ വിപത്തിനെ നേരിടാൻ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ എറണാകുളം ജില്ലയിൽ സമ്പൂർണം. ജനങ്ങൾ രണ്ടു രാത്രിയും ഒരു പകലും വീടുകൾക്കുള്ളിൽ തന്നെ കഴിഞ്ഞു. പെട്ടിക്കടകൾ പോലും തുറന്നില്ല. കൊറോണയെ നേരിടുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കാനും ആയിരങ്ങൾ അണിനിരന്നു.
കൊറോണ രോഗം വ്യാപിക്കുന്നത് തടയാൻ ഒരു ദിവസം ജനതാ കർഫ്യൂ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും പിന്തുണച്ചതോടെ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു രീതി സമ്പൂർണ വിജയമായി.
വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. പൊതുവാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. മെട്രോയും സർവീസ് നടത്തിയില്ല. റണ്ണിംഗിലുള്ള ദീർഘദൂര ട്രെയിനുകൾ മാത്രം കടന്നുപോയി. സാധാരണ ഹർത്താൽ ദിവസങ്ങളിൽ നിരത്തിൽ കാണാറുള്ള സ്വകാര്യ വാഹനങ്ങൾ കാണാനില്ലായിരുന്നു. ആരാധനാലയങ്ങൾ ഉൾപ്പെടെ അടഞ്ഞുകിടന്നു. ആശുപത്രികൾ ഉൾപ്പടെ ഏതാനും അവശ്യ സ്ഥാപനങ്ങൾ മാത്രമാണ് പേരിനെങ്കിലും തുറന്നത്. ഇവിടെയും ആളുകൾ നാമമാത്രം.
കർഫ്യൂ ജനങ്ങൾ സ്വയം ഏറ്റെടുക്കുന്ന അപൂർവമായ ദിവസമായി ഇന്നലെ. വിവിധ സ്ഥലങ്ങളിൽ പൊലീസുൾപ്പെടെ റോന്ത് ചുറ്റിയെങ്കിലും വഴികളിൽ ആരും തന്നെയുണ്ടായില്ല. ജനങ്ങൾ വീടിന് പുറത്തിറങ്ങിയില്ല. അയൽവീടുകളുമായി പോലും സമ്പർക്കം പുലർത്താതെ മഹാമാരിയെ പ്രതിരോധിക്കാൻ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടി.
കൊച്ചി നഗരം ശൂന്യമായിരുന്നു. ആലുവ, അങ്കമാലി, പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകളം തുടങ്ങിയ പട്ടണങ്ങളിലും കർഫ്യൂ സമ്പൂർണമായി. ജില്ലാ ആസ്ഥാനവും ഐ.ടി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കാക്കനാടും വിജനം. കളക്ടറേറ്റിലെ കൊറോണ സെല്ലും അത്യാവശ്യ ഓഫീസുകളും ജാഗ്രതയോടെ പ്രവർത്തിച്ചു.
നന്ദി പറഞ്ഞും ആയിരങ്ങൾ
കൊറോണ പ്രതിരോധിക്കാൻ സേവനം അനുഷ്ടിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് അഭിവാദ്യം അർപ്പിക്കാൻ ശബ്ദം മുഴക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ആയിരങ്ങൾ ഏറ്റെടുത്തു. വൈകിട്ട് അഞ്ചിന് വീടുകളിലും ഫ്ളാറ്റുകളിലും അണിനിരന്ന ആയിരങ്ങൾ പാത്രങ്ങൾ കൂട്ടിമുട്ടിച്ചും മണി മുഴക്കിയും അഭിവാദ്യവും നന്ദിയും അർപ്പിച്ചു. പള്ളികളിലും ക്ഷേത്രങ്ങളിലും മണി മുഴക്കിയും ഒപ്പം ചേർന്നു.