കൊച്ചി: കൊച്ചി മെട്രോ റെയിൽ സർവീസ് ഈമാസം 31 വരെ നിറുത്തിവച്ചു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ മാനിച്ചാണ് സർവീസ് നിറുത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ അറിയിച്ചു. ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്നത് പ്രോത്സാഹിപ്പിക്കാനും സാമൂഹിക അകലം സൂക്ഷിക്കുന്നതിനുമാണ് മെട്രോ നിറുത്തിയതെന്ന് അധികൃതർ അറിയിച്ചു.

# അന്താരാഷ്ട്ര വിമാന സർവീസ് നിലച്ചു

നെടുമ്പാശേരിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ അവസാനിപ്പിച്ചു. ഇന്നലെ രാവിലെ 9.20 ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനമാണ് അവസാനം പുറപ്പെട്ടത്. രാവിലെ ഇതേ വിമാനത്തിൽ ദുബായിൽ നിന്നെത്തിയവരെ പരിശോധനകൾക്ക് വിധേയരാക്കി. ആരോഗ്യ വകുപ്പ് ഒരുക്കിയ ആംബുലൻസുകളിലാണ് ഇവരെ അയച്ചത്. വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം നൽകിയാണ് ഇവരെ അയച്ചത്.