anwarsadath-mla
ജനതാ കർഫ്യൂ ദിനത്തിൽ അൻവർസാദത്ത് എം.എൽ.എ ചെങ്ങമനാട് പറമ്പയത്തുള്ള വീട്ടിൽ ഭാര്യയോടും മക്കളോടുമൊപ്പം ശുചീകരണം നടത്തുന്നു

നെടുമ്പാശേരി: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നിർദ്ദേശിച്ച ജനതാ കർഫ്യൂ പൂർണമായി ഏറ്റെടുത്ത് അൻവർസാദത്ത് എം.എൽ.എ. ചെങ്ങമനാട് പറമ്പയത്തുള്ള വീട്ടിൽനിന്ന് പുറത്തിറങ്ങാതെ എം.എൽ.എ ഇന്നലെ ഭാര്യയോടും മക്കളോടുമൊപ്പം വീടും പരിസരവും ശുചീകരിക്കുന്ന തിരക്കിലായിരുന്നു.

എം.എൽ.എയായതിന് ശേഷം വീട്ടിലേക്ക് സന്ദർശകരെ വിലക്കിയ ദിനവുമായിരുന്നു ഇന്നലെയെന്ന് എം.എൽ.എ പറഞ്ഞു. പൊതു അവധിയായതിനാൽ നിരവധിപേർ എം.എൽ.എയെ വീട്ടിൽ സന്ദർശിക്കാൻ അവസരം ചോദിച്ചെങ്കിലും അത് നിരുത്സാഹപ്പെടുത്തുകയായിരുന്നു. എല്ലാവരോടും ഞായറാഴ്ച പൂർണസമയവും വീട്ടിൽ കഴിയാൻ എം.എൽ.എ നിർദ്ദേശിക്കുകയും ചെയ്തു. ഭാര്യ സബീനയെയും മക്കളായ സിമി ഫാത്തിമ, സഫ ഫാത്തിമ എന്നിവരെയും അടുക്കളയിൽ പാചകത്തിനും എം.എൽ.എ സഹായിച്ചു.

അടുക്കളത്തോട്ടത്തിൽ കൃഷി പരിചരണത്തിനും സമയം ചെലവഴിച്ചു. അതിനിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഇടപെടേണ്ട വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ഞായറാഴ്ച പൂർണമായും കുടുംബത്തോടൊപ്പം കഴിയാൻ സാധിച്ചതിലെ സന്തോഷവും എം.എൽ.എയുടെ മുഖത്തുണ്ടായി.

സ്വയം ശുചിത്വം പാലിച്ച് കൊറോണയെ നമുക്ക് പ്രതിരോധിക്കാനാകണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കണമെന്നും അൻവർസാദത്ത് എം.എൽ.എ പറഞ്ഞു.