ആലുവ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ഉദ്യോഗസ്ഥരും ജനങ്ങളും നെട്ടോട്ടമോടുമ്പോൾ വാർഡ് വിഭജനം നടത്തുവാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.വി. ബെന്നി, സെക്രട്ടറി കെ.എൻ. മനോജ് എന്നിവർ പറഞ്ഞു.
കൊറോണ നോഡൽ ഓഫീസർമാരായ പഞ്ചായത്ത് സെക്രട്ടറിമാരുടെ ചുമതലയിലാണ് വിദേശത്തുനിന്ന് എത്തിയവരുടെ ഏകാന്തവാസം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ. ഇതിനിടയിലാണ് ഇതേ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ അദ്ധ്വാനം ആവശ്യമായ വാർഡ് വിഭജനം ഏപ്രിൽ 27ന് പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പഞ്ചായത്ത് വാർഡ് വിഭജനശേഷം ബ്ലോക്ക്, ജില്ലാ, വാർഡ് വിഭജനങ്ങളും ഈ സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ട്. ഈ നടപടികളിലെ ആക്ഷേപങ്ങൾ പരിഹരിക്കേണ്ടത് ജില്ലാ കളക്ടറാണ്. പ്രതിരോധ പ്രവർത്തനങ്ങളെ ഇത് ബാധിക്കാനിടയുണ്ട്. ഉദ്യോഗസ്ഥരുടെ തിരക്കും ജോലിഭാരവും മുതലെടുത്ത് രാഷ്ട്രീയ ഇടപെടലുകൾ നടത്തുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തി.
നാടാകെ കൊറോണ ഭീതിയിൽ കഴിയുമ്പോൾ ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിച്ചു വ്യക്തിഗത ആനുകൂല്യങ്ങളുടെ മൂല്യനിർണയം നടത്തുവാൻ പല പഞ്ചായത്ത് അംഗങ്ങളും ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് യൂണിയൻ നിവേദനം നൽകി.