വൈപ്പിൻ : കൊറോണ വ്യാപനം തടയാൻ രാവും പകലുമില്ലാതെ അദ്ധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി ഇറക്കിയ വിദ്യാർത്ഥികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളാണ് വീഡിയോ തയ്യാറാക്കിയത്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പിന്തുണ അറിയിക്കുന്ന സന്ദേശം പിടിച്ചുകൊണ്ട് കാക്കി യൂണിഫോമിൽ നിൽക്കുന്ന കേഡറ്റുകൾ ഗാനത്തിന്റെ അകമ്പടിയോടെയാണ് ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നത്. പഠനവും പരീക്ഷകളുമെല്ലാം നീക്കിവെച്ചിരിക്കുന്ന സന്ദർഭത്തിൽ അവധിക്കാലം ആഘോഷിക്കാൻ വിദ്യാർത്ഥികൾ വീടിനു പുറത്തേക്ക് പോകുന്നത് ഒഴിവാക്കാനും വീടുകളിൽത്തന്നെ ഇരിക്കണമെന്നുള്ള സന്ദേശവും കൂടി നൽകുന്നതാണ് വീഡിയോ. സ്‌കൂളിലെ പൊലീസ് കേഡറ്റുകളുടെ ചുമതലയുള്ള അദ്ധ്യാപകൻ കെ.ജി. ഹരികുമാറാണ് നേതൃത്വം നൽകിയത്.

വിദ്യാർത്ഥികൾക്കായി പ്രസംഗ പരിശീലനം, കഥാരചന, ചിത്രരചന, ഗാനാലാപനം തുടങ്ങിയവ സമൂഹമാദ്ധ്യമ കൂട്ടായ്മയിലൂടെ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ രക്ഷാകർത്താക്കളുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന നിബന്ധനയുമുണ്ട്.