കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാനുള്ള സർക്കാർ നീക്കം നീതിയെ പരിഹസിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് മൈനോരിറ്റി സെൽ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് രാത്രി സമയത്ത് യുവതിയുമൊത്ത് അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചപ്പോഴാണ് ബഷീറിന്റെ ജീവൻ അപഹരിക്കപ്പെട്ടത്. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന സംഭവത്തിൽ തുടക്കം മുതലേ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇതിന്റെ സാക്ഷ്യപത്രമാണ്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നാണ് ചീഫ് മെഡിക്കൽ എക്‌സാമിനറുടെ റിപ്പോർട്ട്. രണ്ടാം പ്രതി വഫ അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ മൊഴി നൽകാൻ എത്തിയില്ലെന്നാണ് പറയുന്നത്. സസ്‌പെൻഷൻ കാലാവധി തീരാൻ മാസങ്ങൾ ബാക്കിനിൽക്കെ തിടുക്കത്തിൽ സർവീസിലെടുക്കാൻ സർക്കാർ നടപടി സ്വീകരിച്ചത് അങ്ങേയറ്റം അപകടകരമാണെന്ന് ഇഖ്ബാൽ പറഞ്ഞു.