കൊച്ചി : കൊച്ചി റിഫൈനറിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചു. 31 വരെ അവശ്യ ജോലികൾ മാത്രമേ നിർവഹിക്കൂ. ജീവനക്കാരെ തെർമൽ സ്‌കാനിംഗ് നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്ന് കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കാനും നിർദ്ദേശിച്ചു.
കൊച്ചിൻ റിഫൈനറി ഉൾപ്പെടെ സ്ഥാപനങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളടക്കം കൂട്ടത്തോടെ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിർദ്ദേശം.
വ്യക്തിശുചിത്വം പാലിക്കാൻ കൈകഴുകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റിഫൈനറി അധികൃതർ അറിയിച്ചു. ജീവനക്കാർ കൂട്ടത്തോടെ ഒരേസമയം പഞ്ചിംഗിന് എത്തുന്നതും ഒരേസമയം ഭക്ഷണം കഴിക്കാൻ ഇറങ്ങുന്നതും അനുവദിക്കില്ല. വിവിധ സമയങ്ങളിൽ ആളുകൾക്ക് പ്രവേശിക്കാൻ സൗകര്യം ഒരുക്കാനും ഭക്ഷണം കഴിക്കാനും പുറത്തേക്ക് പോകാനും വിവിധ സമയങ്ങൾ ക്രമീകരിക്കാനും മാസ്‌കുകൾ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.