# 31 വരെ മത്സ്യബന്ധനമില്ല
# ഹാർബറുകൾ അടച്ചിടുന്നു
കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ മത്സ്യബന്ധനത്തിനു പോകേണ്ടന്ന തീരുമാനം തീരമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും. തൊഴിൽ നിലയ്ക്കുന്നതോടെ പ്രതിസന്ധിയിലാകുന്ന തൊഴിലാളികൾക്ക് പ്രതിമാസം 5,000 രൂപ ആശ്വാസം അനുവദിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു. സൗജന്യറേഷനും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റും സൗജന്യമായി നൽകണമെന്നും വേദി ആവശ്യപ്പെട്ടു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 31 വരെ വൈപ്പിനിലെ കാളമുക്ക് ലേലസെന്റർ അടച്ചിട്ടു. കൊച്ചി ഫിഷറീസ് ഹാർബറിൽ തിങ്കളാഴ്ച ലേലം നടന്നില്ല.
കമ്പനികളുമായി മുൻകൂട്ടി വില നിശ്ചയിച്ചുറപ്പിച്ച മത്സ്യം തൂക്കിവിൽക്കൽ മാത്രമാണ് നടന്നത്. തൊഴിലാളികൾക്ക് കൈയുറയും മാസ്‌കും വിതരണം ചെയ്തിട്ടുണ്ട്. 31 വരെ ഹാർബറും അടച്ചിടും.
# ബോട്ടും വള്ളവും കരയിൽ
ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന മത്സ്യബന്ധനമേഖലയ്ക്ക് കൊറോണയും തിരിച്ചടിയാകുമെന്ന് ഐക്യവേദി നേതാക്കൾ പറഞ്ഞു. മത്തിയുടെ ഉത്പാദന തകർച്ചയെത്തുടർന്ന് ഒന്നരലക്ഷം മത്സ്യത്തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തൊഴിലില്ലാതായി. എറണാകുളം ജില്ലയിലെ അൻപതോളം ഇൻബോർഡ് വള്ളങ്ങൾ ജനുവരി മുതൽ മത്സ്യബന്ധനത്തിനു പോകുന്നില്ല. എൺപതോളം പഴ്‌സീൻ ബോട്ടുകളും മൂന്നുമാസമായി കടലിലിറങ്ങിയിട്ട്. 3,800 ട്രോൾ ബോട്ടുകൾ പിടിക്കുന്ന ചെമ്മീനുകളിൽ ഭൂരിപക്ഷവും അമേരിക്കയിലേയ്ക്കാണ് കയറ്റുമതി ചെയ്യുന്നത്. കടലാമയെ പിടിക്കുന്നെന്ന നിലപാടിനെത്തുടർന്ന് അമേരിക്ക പശ്ചിമേന്ത്യയിലെ ചെമ്മീനുകൾക്ക് നിരോധനം ഏർപ്പെടുത്തി. പിന്നാലെയാണ് കൊറോണയുടെ ഭീഷണി.
# കയറ്റുമതി ഇടിയുന്നു
കൊറോണയെ തുടർന്ന് കേരളത്തിൽ നിന്ന് ഞണ്ട് ഇറക്കുമതി ചൈന നിരോധിച്ചു. പ്രതിദിനം അമ്പതോളം റീഫർ കണ്ടെയ്‌നറുകളിൽ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്ന വല്ലാർപാടത്ത് രണ്ടോ മൂന്നോ റീഫറുകൾ മാത്രമാണ് പോകുന്നത്. വിദേശത്ത് പ്രിയങ്കരമായ മത്സ്യങ്ങളുടെ വിലയും വൻതോതിൽ ഇടിഞ്ഞു.
# സർക്കാർ അനങ്ങുന്നില്ലെന്ന്
മത്സ്യവരൾച്ചയെത്തുടർന്ന് ഓരോ തൊഴിലാളിക്കും 5,000 രൂപ പ്രതിമാസം ആശ്വാസധനമായി നൽകണമെന്ന് നവംബറിൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ബഡ്‌ജറ്റിലടക്കം പ്രഖ്യാപനമോ നടപടിയോ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പുമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
ചാൾസ് ജോർജ്,
സംസ്ഥാന പ്രസിഡന്റ്,
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
# വിലയിടിവ് ഇങ്ങനെ : കിലോഗ്രാമിന്
നാലു മാസം മുമ്പ്, ഇപ്പോൾ
ഞണ്ട് : 1,800 - 800
യെല്ലോഫിൻ ട്യൂണ : 150 - 100
വരിച്ചൂര :110 - 70
മോത : 500 - 250
നെയ്‌മീൻ 1000 - 500