ഭരണം തീരാൻ ആറു മാസം മാത്രം ശേഷിക്കുന്നതിനാൽ നടപ്പാക്കാൻ കഴിയുമോയെന്ന കാര്യം കണ്ടറിയണം
കൊച്ചി: പശ്ചിമകൊച്ചിയുടെ സമഗ്ര വികസനത്തിനായി വെസ്റ്റ് കൊച്ചി - ബെസ്റ്റ് കൊച്ചി പദ്ധതി, ഹൈക്കോടതി - ഫോർട്ടുകൊച്ചി റൂട്ടിൽ പുതിയ റോ റോ, സ്പൈസസ് മ്യൂസിയം, പകർച്ചവ്യാധികളെ നേരിടാൻ സ്ഥിരം സംവിധാനം, വിമൻസ് വില്ലേജ് , കുടുംബശ്രീ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക ആപ്പ്, ഫ്ളഡ് ഫ്രീ കൊച്ചി മൊബൈൽ ആപ്പ് തുടങ്ങി പുതുമയുള്ള പദ്ധതികളുമായി കൊച്ചി കോർപ്പറേഷൻ ഭരണസമിതിയുടെ അവസാനത്തെ ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഇന്നലെ അവതരിപ്പിച്ചു. . 2020- 21 സാമ്പത്തിക വർഷത്തേക്ക് 998 കോടി രൂപ വരവും 955 കോടി ചെലവും 28 കോടി രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചത്
# വിവാഹ രജിസ്ട്രേഷന് ചെലവ് കൂടും
ജനന,മരണ സർട്ടിഫിക്കറ്റുകൾക്ക് നിലവിൽ ഈടാക്കുന്ന തുകയിൽ മാറ്റമുണ്ടാവില്ല. എന്നാൽ അഡീഷണൽ സർട്ടിഫിക്കറ്റിന് നിലവിലുള്ള അഞ്ച് രൂപ എന്നത് ഇരുപതായി വർദ്ധിക്കും
വിവാഹ രജിസ്ട്രേഷന് നിലവിലുള്ള ഫീസായ 120 രൂപ 200 ആകും
വിവാഹ സർട്ടിഫിക്കറ്റിനുള്ള ഫീസ് 25 രൂപയിൽ 50 ആയി വർദ്ധിക്കും
കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായുള്ള ഫീസ് 25 രൂപയിൽ നിന്ന് 50 രൂപയായി ഉയരും
ഈ വർദ്ധനവുകളിലൂടെ ഈ സാമ്പത്തികവർഷം 25 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തിലെ എല്ല പേ ആൻഡ് പാർക്കുകൾക്കും രജിസ്ട്രേഷനും രജിസ്ട്രേഷൻ ഫീസും നിർബന്ധമാക്കും. ഇതിലൂടെ 25 ലക്ഷം രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു
നഗരത്തിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും സർവീസ് ചാർജ് ഈടാക്കും. ആറു കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു
നഗരത്തിൽ പ്രവർത്തിക്കുന്ന എല്ലാം ഹോംസ്റ്റേകളെയും രജിസ്ട്രേഷൻ നെറ്റിന്റെ ഭാഗമാക്കി ഇവ ഓരോന്നിന്റെയും നിലവാരം അനുസരിച്ച് ക്ളാസിഫൈ ചെയ്യുന്നതിന് നടപടി സ്വീകരിക്കും. ഹെൽത്ത് ഓഫീസർക്കാണ് ഇതിന്റെ ഏകോപന ചുമതല.ഇതിലൂടെ 25 ലക്ഷം രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
ടൗൺഹാളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയവ വാടകയ്ക്ക് നൽകുന്നതിന് അപേക്ഷ ഫോറം സംവിധാനം ഏർപ്പെടുത്തും. ഓരോ അപേക്ഷ ഫോറത്തിനും 25 രൂപ ഈടാക്കും.
നഗരത്തിൽ ഒന്നിലധികം വീടുള്ളവരിൽ നിന്ന് വേക്കൻസി സെസ് പരിക്കുന്നതിന് സർക്കാരിന്റെ അനുമതി തേടും
മുഴുവൻ അനധികൃത നിർമ്മാണങ്ങളും കണ്ടെത്തി പിഴ ചുമത്തി നികുതി പിരിക്കും.ഇതിനായി ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ വിജിലൻസ് സ്ക്വാഡുകൾ രൂപീകരിക്കും. രണ്ട് കോടിയുടെ അധിക വരുമാനമാണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
കെട്ടിടങ്ങൾ പരിശോധിച്ച് നിലവിൽ അവയുടെ ഉപയോഗം , ഏത് ആവശ്യത്തിനാണോ അനുമതി ലഭിച്ചത് എന്നിവ താരതമ്യം ചെയ്ത് ഉപയോഗമാറ്റത്തിന് പിഴ ചുമത്തും. ഇതിലൂടെ ഒരു കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു
വസ്തു നികുതി പുതുക്കിയതിനാൽ 30 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു
#സേവന ഉപനികുതി നടപ്പാക്കില്ല
മുൻകാല ബഡ്ജറ്റുകളിൽ കൊച്ചിയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പത്ത് ശതമാനം സേവന ഉപനികുതി പിരിക്കുന്നത് ഈ വർഷം നടപ്പാക്കില്ല
നടപ്പാക്കാൻ
ടാസ്ക് ഫോഴ്സ്
കഴിഞ്ഞ നാലു ബഡ്ജറ്റുകളിലായി പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും ഈ വർഷം തന്നെ പൂർത്തീകരിക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നേതൃത്വത്തിൽ സെക്രട്ടറിയുടെയും അഡീഷണൽ സെക്രട്ടറിയുടെയും സൂപ്രണ്ടിംഗ് എൻജിനിയറുടെയും നേതൃത്വത്തിൽ ഇതിനായി പ്രത്യേകാധികാര സമിതി രൂപീകരിക്കും.