corona
CORONA

കൊച്ചി : കൊറോണ വ്യാപനം തടയാൻ കേന്ദ്ര സർക്കാരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും നൽകുന്ന നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

മാസ്‌കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് സർക്കാർ സർക്കുലർ ഇറക്കണമെന്ന് നിർദ്ദേശിച്ച മാർച്ച് 18 ലെ ഹൈക്കോടതി വിധിയിലാണ് ഇക്കാര്യം പറയുന്നത്. വിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. രോഗം പടരുന്നത് തടയാൻ സാമൂഹ്യഅകലം പാലിക്കണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കൊറോണ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ അടയ്ക്കാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മറ്റു നിർദ്ദേശങ്ങൾ :

* സാമൂഹ്യ അകലം പാലിക്കണം.

* ആളുകൾ ഒത്തുചേരാനിടയുള്ള കേന്ദ്രങ്ങളിൽ സർക്കാർ നിരീക്ഷണം ശക്തമാക്കണം.

* ഷോപ്പിംഗ് മാളുകളിൽ. ആൾക്കൂട്ടം ഒഴിവാക്കണം... അടച്ചുപൂട്ടുന്ന കാര്യം സർക്കാരിന് തീരുമാനിക്കാം.

* സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.

+ മാസ്കിനും സാനിറ്റൈസറിനും കൃത്രിമക്ഷാമമുണ്ടാക്കുന്നവർക്കും, ഉയർന്ന വിലയ്ക്കു വിൽക്കുന്നവർക്കുമെതിരെ നടപടിയെടുക്കണം

* മാസ്കും സാനിറ്റൈസറും നിർമ്മിക്കാൻ സർക്കാരിതര സംഘടനകളുടെ സഹായം തേടാം.

* കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം.