കൊച്ചി: കൊറോണ വൈറസ് രോഗബാധിതരായവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിച്ചു. കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജ് പൂർണമായും കൊറോണ ചികിത്സാ കേന്ദ്രമാക്കി. ഇതിനുപുറമെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയാണ് പൂർണ തോതിൽ ഐസൊലേഷൻ സെന്ററായി പ്രവർത്തിക്കുന്നത്.
എറണാകുളം മെഡിക്കൽ കോളേജിൽ മുപ്പതും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പതിമൂന്നും ഐസലേഷൻ വാർഡുകൾ വീതമാണ് നിലവിലുള്ളത്. ആവശ്യമെങ്കിൽ ഇവ നാല്പതും മുപ്പത്തൊൻപതുമായി വിപുലപ്പെടുത്താനാകും. കളമശേരിയും മൂവാറ്റുപുഴയും കൂടാതെ അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ ജില്ലയിലെ മറ്റു ആശുപത്രികളിൽ 113 ഐസലേഷൻ വാർഡുകളും സജ്ജമാക്കി. ജില്ലയിലെ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ആളുകളെ താമസിപ്പിക്കാൻ കഴിയുന്ന മറ്റിടങ്ങൾ എന്നിവിടങ്ങൾ കണ്ടെത്തി 72 കൊറോണ കെയർ സെന്ററുകളിലായി 1801 റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
# തയ്യാറെടുപ്പുകൾ ഇങ്ങനെ
ഐസലേഷൻ വാർഡുകളിലേയ്ക്കു പ്രത്യേകം ഡോക്ടർമാർ, നഴ്‌സുമാർ, അറ്റൻഡർമാർ തുടങ്ങിയവരെ നിയോഗിച്ചിട്ടുണ്ട്. ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു അറ്റൻഡർ, ഒരു ക്ലീനിംഗ് സ്റ്റാഫ്, ഒരു എക്‌സറേ ടെക്‌നീഷ്യൻ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടാവുക. കൊറോണ പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് 4 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലിചെയ്യാൻ സാധിക്കാത്തതിനാൽ 6 ഷിഫ്ടുകളിലായാണ് പ്രവർത്തനം. ഓരോ ഷിഫ്റ്റിലും റൂമുകൾ അണുനാശിനികൾ ഉപയോഗിച്ച് ശുചീകരിക്കും. പുതപ്പുകളും ബെഡ്ഷീറ്റുകളും മാറ്റും. രോഗികൾ ഉപയോഗിച്ച പാത്രങ്ങൾ അടക്കമുള്ള വസ്തുക്കൾ ശ്രദ്ധയോടെ ശുചീകരിക്കും. ഓരോ ഷിഫ്റ്റിലും ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ അണിയിക്കാനും ഷിഫ്റ്റ്കഴിഞ്ഞു പോകുമ്പോൾ അത് അഴിച്ചുവയ്ക്കാനും മാത്രമായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഉപയോഗശേഷം ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിച്ചുകളയും.
# സന്ദർശകർക്ക് പ്രവേശനമില്ല
പനിയും ചുമയുമായി എത്തുന്ന രോഗികൾക്ക് യാത്രാചരിത്രം ഉണ്ടെങ്കിൽ ജനറൽ ഒ.പിയിൽ സന്ദർശനം ഒഴിവാക്കി ഐസലേഷൻ വാർഡിലേക്ക് എത്താം. നിർദേശം അടങ്ങിയ സൂചനാ ബോർഡുകൾ ആശുപത്രികളുടെ എല്ലാ ഭാഗത്തും സ്ഥാപിച്ചു. ഐസലേഷൻ വാർഡുകളിൽ സന്ദർശകർക്ക് പ്രവേശനമില്ല. നിരീക്ഷണത്തിൽ ഉള്ളവർക്ക് സെൽഫോൺ ഉപയോഗിക്കാം. ആവശ്യമെങ്കിൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാൻ സൗകര്യങ്ങളും ഒരുക്കി.
ശൗചാലയ സൗകര്യങ്ങളോടുകൂടിയ പ്രത്യേകമുറികളും വിദേശികൾക്ക് അവരുടെ താത്പര്യപ്രകാരം ഭക്ഷണമുൾപ്പെടെ നിരീക്ഷണത്തിലുള്ള ഓരോ വ്യക്തികൾക്കും പോഷകസമൃദ്ധമായ ഭക്ഷണവും ചികിത്സയുമാണ് നൽകുന്നത്.
# ജില്ലയിലെ മറ്റ് ഐസലേഷൻ കേന്ദ്രങ്ങൾ
കരുവേലിപ്പടി താലൂക്ക് ആശുപത്രി - 18
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 20
ആലുവ ജില്ലാ ആശുപത്രി - 25
പെരുമ്പാവൂർ താലൂക്ക് ആശുപത്രി - 24
പറവൂർ താലൂക്ക് ആശുപത്രി - 26