കോലഞ്ചേരി: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകാൻ അങ്കണവാടി ജീവനക്കാരും രംഗത്ത്. സംസ്ഥാന വനിതാശിശു വികസനവകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് ബോധവത്ക്കരണത്തിനും വിവരശേഖരണത്തിനുമായി 'കുടുംബങ്ങളിലേക്ക് അങ്കണവാടി' കാമ്പയിൻ തുടങ്ങിയത്. സംസ്ഥാനത്ത് ബ്രേക്ക് ദി ചെയിൻ സാമൂഹ്യ സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഫോണിലൂടെ അറിയിപ്പുകൾ, സംശയനിവാരണം, വിവരശേഖരണം, മറ്റ് സേവനങ്ങൾ എന്നിവ നൽകുന്നതാണ് പദ്ധതി. 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന ജീവനക്കാർ ഇതിൽ പങ്കാളികളാകും.
അങ്കണവാടി പ്രദേശത്തെ മുഴുവൻ വീടുകളിലും ഫോൺ മുഖേന ബന്ധപ്പെട്ട് അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കും.
# ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്നു വയസിന് താഴയെുള്ള കുട്ടികൾ തുടങ്ങിയവരുടെ സുഖവിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തും.
# അവർക്ക് പ്രത്യേകശ്രദ്ധ വേണ്ടതിന്റെ ആവശ്യകത വീട്ടുകാരെ ബോദ്ധ്യപ്പെടുത്തും.
# വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം വീട്ടുകാരെ ഓർമ്മിപ്പിക്കും
# രോഗലക്ഷണങ്ങൾ ഉള്ള ആരെങ്കിലും ഉണ്ടെകിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യും.
# വിദേശത്തു നിന്നുവന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് വീട്ടിനുള്ളിൽ തന്നെ കഴിയുവാൻ അറിയിക്കുകയും വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും.