gok
ജി.ഒ.കെ ആപ്പ്

കോലഞ്ചേരി: കൊറോണ സംബന്ധിച്ച കൃത്യമായ വിവരങ്ങളും അറിയിപ്പുകളും ലഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജി.ഒ.കെ ഡയറക്ട് ആപ്പിന് വൻ സ്വീകാര്യത.

ഇതുവരെ നാലുലക്ഷത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. കൊറോണയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളെ നേരിടാനാണ് സർക്കാർ ഇതിന് രൂപം നൽകിയത്.

പ്രധാന റെയിൽവേ സ്‌​റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിൽ ആപ്പ് സംബന്ധിച്ച വിവരങ്ങളും ഡൗൺലോഡ് ചെയ്യുന്നതിനുള്ള ക്യു ആർ കോഡുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നുവരുന്നവർ, യാത്ര ചെയ്യുന്നവർ എന്നിവർക്കെല്ലാം ആവശ്യമായ വിവരങ്ങൾ ലഭിക്കും. പൊതു അറിയിപ്പുകളുമുണ്ടാവും. ആരോഗ്യവകുപ്പിന്റെ ദിശയിലേക്ക് ആപ്പിൽ നിന്ന് നേരിട്ട് വിളിക്കാം.

ടെക്‌സ്​റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെ നെ​റ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണിലും വിവരങ്ങൾ ലഭിക്കും.

സംസ്ഥാന ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ഗവൺമെന്റ് ഒഫ് കേരള ഡയറക്ട് (ജി.ഒ.കെ ഡയറക്ട് ആപ്പ്) ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

കേരള സ്​റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയത്. കോഴിക്കോട് നിപയുണ്ടായപ്പോഴും ജില്ലാ ഭരണകൂടത്തിനുവേണ്ടി ഇവർ ആപ്പ് തയ്യാറാക്കിയിരുന്നു.

ആപ്പ് പ്ലേ സ്‌​റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഐ ഫോൺ ആപ്പ് സ്‌​റ്റോറിലും ലഭ്യമാണ്. ക്യൂആർ കോഡ് സ്‌കാൻ ചെയ്തും ഇൻസ്​റ്റാൾ ചെയ്യാം. http//qkopy.xy/prdkerala എന്ന ലിങ്കിലും ലഭിക്കും.