കൊച്ചി: ട്രെയിൻ ഗതാഗതം പൂർണമായി നിർത്തിയതോടെ എറണാകുളം സൗത്ത് (ജംഗ്ഷൻ), എറണാകുളം നോർത്ത് (ടൗൺ) റെയിൽവേ സ്റ്റേഷനുകൾ വിജനമായി. ഡൽഹിയിൽ നിന്നും ബിക്കാനീറിൽ നിന്നുമുള്ള രണ്ട് ദീർഘദൂര ട്രെയിനുകൾ ഇന്നലെ എറണാകുളം സൗത്ത് വഴി കടന്നുപോയതോടെ ഇതുവഴിയുള്ള യാത്രാ ട്രെയിനുകളുടെ ഗതാഗതം 31 വരെ അവസാനിച്ചു. അസമിൽ നിന്നും പുറപ്പെട്ട ഒരു ട്രെയിൻ ഇന്നലെ എറണാകുളം നോർത്ത് സ്റ്റേഷൻ വഴി കടന്നുപോയി. ഈ മൂന്നു ട്രെയിനുകളിലേയും യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിൽ ആരോഗ്യ വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. പൊലീസും ഇവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.

യാത്രാവണ്ടികൾ നിർത്തിവച്ചതോടെ പ്ലാറ്റ്‌ഫോമിലേക്ക് ആരെയും കടത്തിവിടുന്നില്ല. റിസർവേഷൻ കൗണ്ടറുകളിലെ ജീവനക്കാർക്ക് അവധിയാണ്. സ്റ്റേഷൻമാസ്റ്റർമാർ, സിഗ്‌നലിംഗ്, ടെക്‌നിക്കൽ ജീവനക്കാർ എന്നിവർക്കു ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് സ്റ്റേഷൻ യാർഡിൽ നിരവധി ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്.

ഇരുമ്പനം ഐ.ഒ.സി, ബി.പി.സി.എൽ എന്നിവിടങ്ങളിൽ നിന്നുള്ള ഓയിൽ ടാങ്കറുകൾ പതിവുപോലെ സർവീസ് നടത്തി. എഫ്‌.സി.ഐ ഗോഡൗണുകളിലേക്ക് ഭക്ഷ്യസാധനങ്ങളുമായി പോകുന്ന ചരക്കുട്രെയിനുകളുടെ സർവീസും പതിവുപോലെ നടത്തും.