1
കളക്ടറേറ്റിൽ ബ്രേക്ക് ദ ചെയിൻ പുനസ്ഥാപിച്ചു

തൃക്കാക്കര: കൊറോണ പ്രതിരോധ പദ്ധതിക്ക് നേതൃത്വം നൽകുന്ന കളക്ടറേറ്റിൽ ബ്രേക്ക് ദ ചെയിൻ കാമ്പയി​ൻ പുനസ്ഥാപിച്ചു. എൻ.ജി.ഒ യൂണിയനാണ് കാമ്പയിനിൻ്റെ ഭാഗമായി കളക്ടറേറ്റിൽ ബ്രേക്ക് ദ ചെയിൻ പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ 16 നായിരുന്നു കളക്ടർ എസ്.സുഹാസ് സാനിറ്റൈസറും സോപ്പും ഉപയോഗിച്ചു കഴുകി ഉദ്ഘാടനം ചെയ്തത്. ദിവസം നാല് കഴിഞ്ഞപ്പോഴേക്കും സോപ്പും മറ്റും തീർന്നത് അധികൃതർ ശ്രദ്ധിച്ചുമില്ല. ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്നിടത്താണ് ഉദ്യോഗസ്ഥരുടെ അലംഭാവം. ജില്ലാ ഭരണകൂടം കളക്ടറേറ്റ് അങ്കണത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ കൈകഴുകൽ കേന്ദ്രത്തിൽ സോപ്പും സാനിറ്റൈസറും അപ്രത്യക്ഷമായി.

കൈകഴുകാൻ ആരുമെത്തിയില്ല. അനാഥപ്രേതം പോലെ വെള്ള ടാങ്കും പൈപ്പുകളും കാലികുപ്പികളും മാത്രമായ വാ‌ർത്ത കേരള കൗമുദി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

#കിയോസ് സ്ഥാപിച്ചു

കൂടാതെ വനിതാ ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ വടക്കേ കവാടത്തിലൊന്നിൽ സാനിറ്റൈസർ കിയോസ്ക് സ്ഥാപിച്ചു. എ.ഡി.എം. ചന്ദ്ര ശേഖരൻ നായർ സാനിറ്റൈസർ കിയോസ്ക് ഉദ്ഘാടനം ചെയ്തു. വനിത ശിശു വികസന വകുപ്പ് ജില്ല പ്രൊജക്റ്റ്‌ ഓഫീസർ മായാലക്ഷ്മി, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കളക്ടറേറ്റിന് പുറമെ വൈറ്റില ഹബിലും കിയോസ്ക് സ്ഥാപിക്കും.