കിഴക്കമ്പലം: കൊറോണ വൈറസിൻ്റെ പശ്ചാതലത്തിൽ ജനജീവിതവും,സാമ്പത്തിക രംഗവും തകർത്തെറിയുമ്പോൾ കിഴക്കമ്പലത്ത് ട്വൻ്റി20 ജനങ്ങൾക്ക് ധൈര്യം പകർന്ന് മുന്നിലുണ്ടെന്ന് കോ.ഓർഡിനേ​റ്റർ സാബു എം.ജേക്കബ് പറഞ്ഞു. ജനങ്ങളെ ശരിയായ രീതിയിൽ ബോധവത്കരിച്ച് കൊറോണയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ക്രമീകരണങ്ങളും പൂർത്തിയാക്കി.

ഏത് അടിയന്തിര സാഹചര്യത്തിലും ട്വൻ്റി20 ഭക്ഷ്യ സുരക്ഷാ മാർക്ക​റ്റിൽ നിന്നും അവശ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.വിലക്കയ​റ്റത്തിന് വളരെയധികം സാദ്ധ്യതയേറിയ ഈ സമയത്ത് കിഴക്കമ്പലത്തെ ജനങ്ങളെ ബാധിക്കാത്ത വിധം പകുതി വിലയ്ക്ക് സാധനങ്ങൾ ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജനസുരക്ഷ മുൻനിർത്തി ഭക്ഷ്യ സുരക്ഷാ മാർക്ക​റ്റിൽ ഒരേ സമയം 25 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പ്രായമായവരെയും കുട്ടികളെയും ഒഴിവാക്കും.കൂടാതെ ആഴ്ചയിൽ ഒരു കുടുംബത്തിലെ ഒരംഗത്തിനു മാത്രമേ പ്രവേശനം അനുവദിക്കൂ.മാർക്ക​റ്റിനു മുന്നിൽ കൂട്ടം കൂടി നിൽക്കുന്നതു പൂർണമായി ഒഴിവാക്കും.