തൃപ്പൂണിത്തുറ: സപ്ലൈകോയിൽ ആവശ്യ സാധനങ്ങൾക്ക് ക്ഷാമം. തിരക്കേറുന്ന സാഹചര്യത്തിൽ ആവശ്യ സാധനങ്ങൾ ലഭ്യമല്ലാത്തത് നാട്ടുകാർക്കാരെ ദുരിതത്തിലാക്കുന്നു. തിരക്കുമൂലം ഏറെനേരം ക്യൂ നിന്ന് എത്തുമ്പോഴാണ് പല സാധനങ്ങളും തീർന്നു എന്ന വിവരമാണ് അറിയുക. വറ്റൽമുളക്, മല്ലി, ഗ്രീൻപീസ്,ചെറുപയർ ,വൻപയർ, തുവരപരിപ്പ്, വെള്ളക്കടല പച്ചരി, വെളിച്ചെണ്ണ എന്നിവ ഒട്ടും തന്നെെ ലഭ്യമല്ല. പഞ്ചസാര രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ എത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തിരക്കു വർദ്ധിച്ചാൽ ഇപ്പോഴുള്ള സ്റ്റോക്കും തീരും. അരിയും കൂടുതൽ ലഭ്യമാക്കേണ്ടി വരും.
കൊറോണ സുരക്ഷാ നടപടിയുടെ ഭാഗമായി പലചരക്കുകടകൾ അടഞ്ഞുകിടക്കുന്നതും വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ മൂലം കടകൾ അടച്ചിടുമെന്ന തോന്നലുകളുമാണ് ഇപ്പോൾ ആവശ്യസാധനങ്ങൾ കൂടുതലായി വാങ്ങുന്നതിന് നാട്ടുകാർ സപ്ലൈകോയിൽ എത്തുവാൻ കാരണമായത്. ഒരേ സമയം കൂടുതൽ ആളുകൾ കയറുന്നതു സുരക്ഷാ നടപടികളുടെ ഭാഗമായി നിയന്ത്രിച്ചതും പുറത്ത് നീണ്ട നിരയ്ക്ക് കാരണമായിട്ടുണ്ട്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുവാൻ ഡിപ്പോകളിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓഫീസർമാർ പറയുന്നത്.