നെടുമ്പാശേരി: മണ്ണും വെള്ളവും ചേർന്ന ചെളി റോഡിൽ വീണതിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവള ഓവർബ്രിഡ്ജ് മുതൽ ആവണംകോട് സീവേജ് പ്ലാൻറ് വരെയുള്ള പ്രദേശത്ത് പൊടിശല്യം രൂക്ഷമായി. ഇത് ഉണങ്ങിയതോടെ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി.

വീടുകളിൽ ജനലും വാതിലും അടച്ചിടേണ്ട അവസ്ഥയാണ്. ചെളി നിറഞ്ഞ മണ്ണ് റോഡിൽ വീഴുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുകയാണ്. മണ്ണ് കൊണ്ടുപോകുവാൻ സിയാൽ കരാർ കൊടുത്ത കരാറുകാരൻ 10 മിനിറ്റ് ഇടവേളയിൽ റോഡ് നനക്കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് നിരവധി വാഹനങ്ങളിൽ മണ്ണുകൊണ്ടു പോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പൊടി ശല്യം രൂക്ഷമായതിനെത്തുടർന്ന് ആവണംകോട് റസിഡൻസ് അസോസിയേഷൻ മണ്ണ് കയറ്റി വന്ന ടോറസ് തടഞ്ഞു. തുടർന്ന് റോഡിൽ വെള്ളം ഒഴിച്ചതിനുശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

സീവേജ് പ്ലാന്റിൽ നിന്ന് ദുർഗന്ധം പരത്തുന്നത് തടയുന്നതിന് സിയാൽ നടപടി സ്വീകരിക്കണമെന്ന് ആവണംകോട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ദേവസിക്കുട്ടി, സെക്രട്ടറി സുധീപ് എം, റിജോ പുതുവ, മുൻ പ്രസിഡന്റ് ബിജു കെ മുണ്ടാടൻ എന്നിവർ ആവശ്യപ്പെട്ടു.