cial
കൊച്ചി രാജ്യാന്തര വിമാനത്താവളവും ടാക്‌സികളും

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിയതോടെ വ്യാപാരികളും ടാക്‌സി വാഹനങ്ങളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും ഡ്രൈവർമാരും പ്രതിസന്ധിയിലായി. ഇതോടെ, വിമാനത്താവളവും പരിസരവും നിശ്ചലമായ നിലയിലായി. വിമാനത്താവളത്തിലെ അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിലായി ദിനംപ്രതി പതിനായിരക്കണക്കിന് യാത്രക്കാരും അവരെ സ്വീകരിക്കുന്നതിനും യാത്രഅയക്കുന്നതിനുമായി നൂറുകണക്കിന് ആളുകളുമാണ് എത്തിയിരുന്നത്. അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയതോടെ ഇത് മൂന്നിലൊന്നായി കുറഞ്ഞു.

പത്ത് ദിവസത്തേക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര സർവീസുകൾ നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. പല രാജ്യങ്ങളും ഇതിനകം തന്നെ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യ ഇതുവരെ പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നില്ല.

യാത്രക്കാർ ഇല്ലാതാകുന്നതോടെ ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾക്കും തിരിച്ചടിയായി. വിമാനത്താവളത്തിലെ സാദ്ധ്യതകൾ മാത്രം കണക്കിലെടുത്താണ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

ഏതാനും ആഴ്ച്ചകളായി വിമാനത്താവളത്തിലേക്ക് ആളുകളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ പല സ്ഥാപനങ്ങളിലെയും ജോലിക്കാർക്ക് അവധി നൽകിയിരുന്നു. പൂർണമായും അടച്ച മറ്റ് ചില സ്ഥാപനങ്ങൾ ഇനി എന്ന് തുറക്കാനാകുമെന്ന് പറയാനാകില്ല. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുംമറ്റും വായ്പയെടുത്താണ് പലരും ഇവിടെ സ്ഥാപനങ്ങൾ നടത്തി വരുന്നത്. പ്രതിസന്ധി നീണ്ടുപോയാൽ ഈ വായ്പകൾ എങ്ങിനെ തിരിച്ചടയ്ക്കുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. വിമാനത്താവളത്തിലെ യാത്രക്കാരെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ടാക്‌സി, ടൂറിസ്റ്റ് വാഹന ഡ്രൈവർമാർ ഇനി എന്ത് ചെയ്യുമെന്നറിയാതെ വിഷമഘട്ടത്തിലാണ്.

2018 ലെ മഹാപ്രളയത്തെ തുടർന്നാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നത്. അന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിൽ സംഭവിച്ചത്. ആഴ്ചകളോളം വാഹനങ്ങൾ പുറത്തിറക്കാനും കഴിഞ്ഞിരുന്നില്ല. ഇതിൽ നിന്നും ഒരുവിധത്തിൽ കരകയറാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതിനിടയിലാണ് മഹാമാരിയുടെ രൂപത്തിൽ അടുത്ത പ്രതിസന്ധിയും നേരിടേണ്ടിവരുന്നത്.