police
എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ ഫേസ് ബുക്ക് പേജിൽ നിന്നും

ആലുവ: കൊറോണ വൈറസിന്റെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മികച്ച സേവനമാണ് നടത്തുന്നത്. നിരവധി കേന്ദ്രങ്ങളിൽ മാസ്‌കുകളും സാനിറ്റൈസറും വിതരണം ചെയ്തതിന് പിന്നാലെ ജില്ലാ പൊലീസ് മൂന്ന് ബോധവത്കരണ ഹ്രസ്വവീഡിയോ ചിത്രങ്ങളും തയ്യാറാക്കി. എറണാകുളം റൂറൽ ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് കൊറോണവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.

പൊലീസ് സ്വീകരിച്ച നടപടികൾ, കൊറോണക്കാലത്തെ പൊലിസ് എന്നീ ആശയങ്ങളുമായി ഇറക്കിയിട്ടുള്ള വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പൊതുനിരത്തുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് കാഴ്ചവയ്ക്കുന്ന പ്രവർത്തനങ്ങളും വീഡിയോയിലുണ്ട്. ജില്ലാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലും സന്ദർശകരുടെ എണ്ണം കൂടി. പൊലീസ് സ്വീകരിക്കുന്ന എല്ലാ നടപടികളും ഫേസ് ബുക്ക് പേജിലൂടെ പൊതുജനങ്ങളെ അറിയിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിസൈൻ ജോലികളിൽ കഴിവുള്ള പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ജില്ലാ പൊലീസ് ആസ്ഥാനത്ത് സന്ദർശകർക്കെല്ലാം കൈയും മുഖവും കഴുകുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാനിറ്റൈസറും നൽകുന്നുണ്ട്. കൊറോണയ്‌ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ക്ലാസുകൾ നടത്തുന്നുണ്ട്. ദൈനംദിന ക്രമസമാധാന ചുമതലകൾ വീഴ്ച്ചയില്ലാതെ നടപ്പാക്കുന്നതോടൊപ്പമാണ് ഇത്തരം സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും പൊലീസ് സമയം കണ്ടെത്തുന്നത്. സ്വകാര്യ ആവശ്യങ്ങൾക്കും മറ്റുമായി അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം തിരിച്ച് വിളിച്ച് ജോലിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം സേവനം പൂർണമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ പൊലീസ്.