ഒരു കോടി നൽകിയത് ഹൈബി ഈഡൻ എം,പി

കൊച്ചി: ജില്ലയിലെ കൊറോണചികിത്സ കേന്ദ്രമായി മാറിയ എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളൂം വാങ്ങുന്നതിനായി ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളവർ എത്തി ചേരുന്നതും ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളതും. ഈ പ്രത്യേക സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ മെഡിക്കൽ കോളേജിൽ കുറവായിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വെന്റിലേറ്ററുകളും മറ്റും വാങ്ങുന്നതിന് തുക അനുവദിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.

 വാങ്ങുന്ന ഉപകരണങ്ങൾ

ഇ.സി.എം.ഒ മെഷീൻ (28.18 ലക്ഷം രൂപ)

 2 നോൺ ഇന്വാസിവ് വെന്റിലേറ്ററുകൾ( ഒന്നിന് 6.5 ലക്ഷം രൂപ )

 2 കുട്ടികൾക്കുള്ള നോൺ ഇന്വാസിവ് വെന്റിലേറ്ററുകൾ( ഒന്നിന് 2.17 ലക്ഷം രൂപ)

 4 ഐ സി യു വെന്റിലേറ്ററുകൾ ( ഒന്നിന് 9.10 ലക്ഷം രൂപ )

 4 മൾട്ടിപാരാ മോണിറ്റർ വിത്ത് കാപ്‌നോഗ്രാം ആൻഡ് ഡ്യുൽ ഐ.ബി.പി (ഒന്നിന് 2.66 ലക്ഷം രൂപ ),

 1 സി.ആർ. റീഡർ( 5.25 ലക്ഷം രൂപ)

 അറുപത്തി എണ്ണായിരം രൂപ വില വരുന്ന 3 പൾസ് ഓക്‌സീമീറ്ററുകൾ

 തീരുമാനം ദ്രുതഗതിയിൽ

അടിയന്തര ആവശ്യമുള്ള യന്ത്ര സാമഗ്രികൾ വാങ്ങുന്നതിന് എം.പി ഫണ്ടിൽ നിന്നും തുക അനുവദിക്കാനുള്ള സന്നദ്ധത ഞായറാഴ്ച രാത്രിയാണ് ഹൈബി ഈഡൻ ജില്ലാ കളക്ടറെ അറിയിച്ചത്. തുടർന്ന് തിങ്കളാഴ്ച രാവിലെ തന്നെ തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി. വൈകിട്ട് നാലു മണിയോടെ പ്രൊപ്പോസൽ ജില്ലാ പ്‌ളാനിംഗ് ഓഫീസർ കളക്ടർക്ക് സമർപ്പിക്കുകയും തുടർന്ന് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു.