കൊച്ചി: എറണാകുളം ജില്ലയിൽ രണ്ടുപേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 13 ആയി. ലണ്ടൻ സ്വദേശിനിയായ വിനോദസഞ്ചാരിക്കും ദുബായിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ലണ്ടൻ സ്വദേശിയുടെ ഭാര്യയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച 61 കാരി. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. ലണ്ടനിൽ നിന്നെത്തിയ 19 അംഗ സംഘം മൂന്നാറിൽനിന്ന് മുങ്ങി ദുബായിലേയ്ക്ക് പോകാൻ വിമാനത്തിൽ കയറിയശേഷമാണ് പിടികൂടിയത്. സംഘത്തിലെ ഏഴുപേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.
ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ഞായറാഴ്ച എത്തിയ 56 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടാമൻ. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയിൽ ലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലേയ്ക്ക് മാറ്റിയിരുന്നു.
# 4230 പേർ നിരീക്ഷണത്തിൽ
എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പുതുതായി 8 പേരെ ഐസലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 29 ആയി. 24 പേർ എറണാകുളം മെഡിക്കൽ കോളേജിലും 5 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളത് 4230 പേരാണ്.
ജില്ലയിൽ നിന്ന് ഇന്നലെ 34 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 104 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 550 പേരെ കൂടി ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിലുണ്ടായിരുന്ന 310 പേരെ നിരീക്ഷണപട്ടികയിൽ നിന്ന് ഒഴിവാക്കി. വീടുകളിൽ 4201 പേരെയാണ് നിരീക്ഷിക്കേണ്ടിവന്നത്.
# 1528 യാത്രക്കാരെ പരിശോധിച്ചു
കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ 12 സ്‌ക്വാഡുകൾ രോഗ നിരീക്ഷണ, പരിശോധനകൾക്ക് പ്രവർത്തിക്കുന്നു. വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ 20 വിമാനങ്ങളിലെ 1528 യാത്രക്കാരെ പരിശോധിച്ചു. ലക്ഷണങ്ങൾ കണ്ടെത്തിയ 5 പേരെ തുടർ പരിശോധനകൾക്ക് കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. 1523 പേരെ സത്യവാങ്മൂലം വാങ്ങിയശേഷം വീടുകളിൽ നിരീക്ഷണത്തിലാക്കി.
റെയിൽവെ സ്റ്റേഷനുകളിലെ പരിശോധനയ്ക്ക് 14 ഉം റോഡുകളിൽ 7 സ്‌ക്വാഡുകളും പ്രവർത്തിക്കുന്നു. യാത്രക്കാരുടെ പരിശോധനകൾക്ക് മാത്രമായി ജില്ലയിൽ 37 സ്ക്വാഡുകളാണ് ആകെ പ്രവർത്തിച്ചത്.
തുറമുഖത്ത് എത്തിയ രണ്ടു കപ്പലുകളിലെ 48 ജീവനക്കാരെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടത്തിയിട്ടില്ല.
കൊറോണ കൺട്രോൾ റൂമിലെത്തിയത് 644 ഫോൺ വിളികളാണ്. 379 എണ്ണം പൊതുജനങ്ങളിൽ നിന്നും 152 നിരീക്ഷണത്തിൽ കഴിയുന്നവരെ പരിചരിക്കുന്നവരിൽ നിന്നും 36 ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും 66 ഫോളോ അപ്പ് വിളികളുമാണ്.
# നിരീക്ഷണത്തിന് 1833 സംഘങ്ങൾ
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ 1833 സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 5499 പേരുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഫോൺ വഴിയാണ് സംഘം ബന്ധപ്പെട്ട് സേവനങ്ങൾ നൽകുന്നത്. 1700 വീടുകൾ സംഘങ്ങൾ സന്ദർശിച്ചു.