കൊച്ചി : കൊറോണ ഭീഷണി വ്യാപകമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം ഏപ്രിൽ എട്ടുവരെ പുനഃക്രമീകരിച്ചു. മാർച്ച് 26, 31, ഏപ്രിൽ മൂന്ന്, ഏഴ് എന്നീ തീയതികളിൽ മാത്രമേ സിറ്റിംഗ് ഉണ്ടാകൂ. ജാമ്യ ഹർജികൾ, മുൻകൂർ ജാമ്യാപേക്ഷകൾ, ഹേബിയസ് കോർപസ് ഹർജികൾ, കസ്റ്റഡി അപേക്ഷകൾ തുടങ്ങി അടിയന്തര സ്വഭാവമുള്ള ഹർജികൾ മാത്രമാണ് പരിഗണിക്കുക. മറ്റ് അടിയന്തര സ്വഭാവമുള്ള ഹർജികൾ പരിഗണിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടിയന്തര സ്വഭാവമുള്ള ഹർജികൾ എല്ലാ ദിവസവും ഫയൽ ചെയ്യാൻ കഴിയും. എന്നാൽ ഇവയൊഴികെയുള്ള മറ്റ് അടിയന്തര ഹർജികൾ പരിഗണിക്കാൻ ജഡ്ജിമാരുടെ അനുവാദം വേണം. വീഡിയോ കോൺഫറൻസിംഗ് മുഖേന വാദം കേൾക്കാനാവുമോയെന്നതും അഭിഭാഷകൻ വ്യക്തമാക്കണം. വിധി പറയാൻ മാറ്റിയിട്ടുള്ള കേസുകൾ ചേംബറുകളിൽ പരിഗണിച്ച് വിധി പറയും. ഇതിന് അഭിഭാഷകസാന്നിദ്ധ്യം അനിവാര്യമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഏപ്രിൽ ഒമ്പതിന് ഹൈക്കോടതി മദ്ധ്യവേനലവധിക്ക് അടയ്ക്കും. നിലവിലുള്ള അറിയിപ്പ് അനുസരിച്ച് മേയ് 18 നാണ് തുറക്കുക. ഇക്കാലയളവിൽ അവധിക്കാല ബെഞ്ചുകൾ സിറ്റിംഗ് നടത്തും.